ഗുജറാത്തിലേയും ഹിമാചലിലേയും തെരഞ്ഞെടുപ്പ് വിജയം ബി ജെ പി ക്ക് അവകാശപ്പെട്ടതാണ്.
അതില്‍ തര്‍ക്കമൊന്നുമില്ല. പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ജനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ അവമതിക്കാനും ഉദ്ദേശമില്ല.
‘കോണ്‍ഗ്രസ് മുക്ത ഭാരതം’ സ്വപ്‌നം കണ്ടുറങ്ങുന്ന സംഘപരിവാറുകാര്‍ക്ക് ആവേശത്തില്‍ മതി മറക്കാന്‍ ഇത് ധാരാളമാണ്. പക്ഷേ, ആ വിജയത്തെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്നുമൂന്നര വര്‍ഷത്തെ ഭരണത്തിന്റെ നേട്ടമായി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന വിലയിരുത്തല്‍ ആനമണ്ടത്തരമാണ് എന്ന് പറയാതെ വയ്യ.
ഹിമാചലിനെ തത്കാലത്തേക്ക് മാറ്റി നിറുത്താം.
ഗുജറാത്ത് എന്നത് രണ്ട് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ബി ജെ പി ഭരിച്ച ഒരു സംസ്ഥാനമാണെന്നതോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം നാട് കൂടിയാണെന്നതോ അല്ല ശ്രദ്ധേയമായ വിഷയം. ബി ജെ പി യുടേയും ആര്‍ എസ് എസ് ന്റേയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ ഫാക്ടറികൂടിയാണ് ഗുജറാത്ത് എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യ സാമ്പത്തികാവസ്ഥയോട് ഇന്നു പടവെട്ടുന്ന ജനതയുടെ ഹൃദയത്തിലേക്ക് മത വിഭാഗീയത (ഹിന്ദു-മുസ്ലീം) കുത്തിക്കയറ്റി വര്‍ഗീയ കലാപങ്ങളുണ്ടാക്കിയാണ് ഗുജറാത്തില്‍ സംഘപരിവാര്‍ ഇക്കാലമത്രയും രാഷ്ട്രീയ വിജയം നേടിയെടുത്തിട്ടുള്ളത്.
ഇനി ഈ കൊട്ടിഘോഷിച്ച ‘ഗുജറാത്ത് മോഡല്‍…’ ഏറ്റവും അപകടകരമായ ഒരു സംഗതിയാണ് എന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്, വികസന നേട്ടങ്ങളെന്ന പേരില്‍ കപടമായ ദൃശ്യങ്ങളും ചിത്രങ്ങളുമായി പ്രചരിപ്പിച്ച് ഒരു പുകമറ സൃഷ്ടിച്ചെടുത്ത് അതിനുള്ളിലൂടെ ഹൈന്ദവ വര്‍ഗീയതയ്ക്ക് വേരുറപ്പിച്ച് കൊടുക്കാനുള്ള ശ്രമമാണ് ബി ജെ പി ചെയ്തു പോന്നത്. ഈ പ്രചാരവേലയും പേക്കൂത്തിന്റേയും വ്യക്തിപൂജയുടേയും അകമ്പടിയോടെ 2014 പൊതു തെരഞ്ഞെടുപ്പിലും അതിന് മുമ്പും ശേഷവുമായി നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയം നേടിയെടുത്തു.
എന്നാല്‍,
ഇക്കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷത്തില്‍, കാര്യക്ഷമമായ ഒരു മോഡല്‍ ഭരണവും കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നോട്ടുനിരോധനവും ജി എസ് ടി യും അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുക മാത്രമാണ് ബി ജെ പി ചെയ്തത്. ഒപ്പം തന്നെ, ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക മൂല്യബോധങ്ങളെ ഓരോന്നോരോന്നായി ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യ എന്ന ആശയത്തെ കേവല ഹിന്ദുത്വ ദേശീയവാദമാക്കി ചുരുക്കിക്കെട്ടി അക്രമത്തിന് തിരികൊളുത്തുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തിയേയും കൂടി ബി ജെ പി പ്രചാരവേലയ്ക്കുള്ള ഉപകരണം മാത്രമാക്കി മാറ്റി.
ഗുജറാത്ത് മോഡല്‍ എന്നതുകൊണ്ട് ബി ജെ പി ഉദ്ദേശിക്കുന്നത് തന്നെ, വര്‍ഗ്ഗീയമായി ഇന്ത്യയെ വിഘടിപ്പിക്കുകയും ന്യൂനപക്ഷ മതവിഭാഗങ്ങളെ (പ്രത്യേകിച്ച് മുസ്ലീംങ്ങളെ) അപ്രധാന്യരാക്കി ചിത്രീകരിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും ചരിത്രത്തിലുമുള്ള അവരുടെ സ്ഥാനം പോലും അപ്രസക്തമാക്കുക എന്നാണ്. വികസനം ഇപ്പറഞ്ഞ ഫാഷിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള മുഖംമൂടി മാത്രമാണ്. രാജ്യമൊട്ടാകെ പശു ഭീകരവാദികള്‍ അഴിഞ്ഞാടുമ്പോള്‍ മുസ്ലീങ്ങളേയും ദളിതരേയും തെരഞ്ഞുപിടിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ എഴുത്തുകാരേയും മാധ്യമപ്രവര്‍ത്തകരേയും തെരുവില്‍ ശാരീരികമായി നേരിട്ടപ്പോഴും ശ്രീമാന്‍ നരേന്ദ്രമോഡി കണക്കുകൂട്ടി മൗനം ഭജിച്ച് പൊതുവേദികളില്‍ സ്ഥിരം ശൈലിയുള്ള വാചാടോപം നടത്തിക്കൊണ്ടിരുന്നു.
കോണ്‍ഗ്രസിനെ നേരിടാന്‍ സവര്‍ണ്ണ വിദ്യാസമ്പന്നരും മുഖ്യധാരാ മാധ്യമങ്ങളും ഗുജറാത്തില്‍ നിന്ന് കണ്ടെടുത്ത മിശ്ശിഹായാണല്ലോ നരേന്ദ്രമോഡി, പ്രജാപതി തെറ്റുകാരനാകുമ്പോഴും വാഴ്ത്തിപ്പാടാതിരിക്കാന്‍ തരമില്ലല്ലോ?
ഹിന്ദുത്വ സര്‍ക്കാരിന്റെ അധികാരവാഴ്ചക്കാലത്ത് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും വിമര്‍ശവും ചര്‍ച്ചകളും കോണ്‍ഗ്രസിന്റെ അശക്തമായ പ്രതിപക്ഷ പ്രവര്‍ത്തനവും ഉപാധ്യക്ഷന്‍ രാഹുലിന്റെ നേതൃത്വഗുണങ്ങളുടെ അഭാവവും മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസ് പലതരത്തില്‍ കച്ചകെട്ടി കളത്തിലിറങ്ങി. ബീഹാറില്‍ താത്കാലികമായി ഫലപ്രാപ്തി ഉണ്ടായെങ്കിലും നിതീഷ് കുമാര്‍ ആ സമവാക്യത്തെ നിഷ്പ്രഭമാക്കി കൂറുമാറി. പഞ്ചാബിലെ വിജയത്തിന്റെ മധുരത്തിനൊപ്പം യു പി കോണ്‍ഗ്രസിന് കയ്‌പേറിയ അദ്ധ്യായമായി മാറി.
ഗുജറാത്ത് എന്ന കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ തന്ത്രമാണ് വേണ്ടത് എന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് കൃത്യമായി കരുക്കള്‍ നീക്കി. ആര്‍ എസ് എസ് ഉയര്‍ത്തുന്ന മതവര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ അസംതൃപ്തരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജാതി സംഘടനകളെ കൂടെ നിറുത്തി പുതിയ പ്രതിപക്ഷ രാഷ്ട്രീയ സമവാക്യം നിര്‍മ്മിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. പട്ടേല്‍ പ്രക്ഷോഭവും, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമന്വയവും കോണ്‍ഗ്രസിന്റെ ഈ പദ്ധതിക്ക് കരുത്ത് പകര്‍ന്നു. സവര്‍ണ്ണ ബ്രാഹ്മണ ബോധത്തെ മുറുകെപ്പിടിച്ച് ദളിതരേയും ബഹുജനങ്ങളേയും രാഷ്ട്രീയ ഉപകരണങ്ങളാക്കി മുന്നേറുന്ന ബി ജെ പി യെ രാഷ്ട്രീയമായി ചെറുക്കാന്‍ ഈ സമവാക്യത്തിന് കഴിയും എന്നത് പട്ടേല്‍ സ്വാധീന മേഖലകളിലെ ബി ജെ പി യുടെ വോട്ടുശതമാനത്തിലെ കുറവും കോണ്‍ഗ്രസിന്റെ മുന്നേറ്റവും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഈ വ്യത്യസ്ഥ ആശയങ്ങളെ ഒരു കുടക്കീഴിലെത്തിക്കാനുള്ള ശേഷി കോണ്‍ഗ്രസിന് മാത്രം സ്വന്തമാണെന്ന് അവകാശപ്പെടാവുന്ന ഒരു അവസരം കൂടിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. ഇത്തരത്തിലുള്ള പ്രതിപക്ഷ ഐക്യവും പ്രാദേശീക വോട്ട് ക്രോഡീകരണവും മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടി പ്രാവര്‍ത്തികമാക്കിയാല്‍ ആര്‍ എസ് എസ് സ്വപ്‌നം കാണുന്ന ഫാസിസ്റ്റ് മോണോലിത്തിക് ഹിന്ദുത്വ രാഷ്ട്രം എന്ന ആശയം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാവുന്നതേയുള്ളൂ.
ബി ജെ പി യുടെ 19 സീറ്റ് ഭൂരിപക്ഷത്തോടെ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിലും തിളക്കം കോണ്‍ഗ്രസിന്റെ നേട്ടത്തിനുണ്ട് എന്നത് മനസ്സിലാക്കണമെങ്കില്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പിലും 2014 ലെ പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ വോട്ട് ശതമാനവും ഈ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട നിലയും കണക്കാക്കിയാല്‍ മതി. ബി ജെ പി ക്ക് 2014 പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ച 60 ശതമാനം വോട്ട് 49 ശതമാനമായി ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ചുരുങ്ങി. എന്നാല്‍ 2012 അസംബ്ലി തെരഞ്ഞെടുപ്പില്‍ ലഭിച്ച് 48 ശതമാനത്തില്‍ നിന്ന് മുകളിലാണ് ഇത്തവണ ലഭിച്ചത്. കോണ്‍ഗ്രസിനും ബി ജെ പി ക്കും ഇടയിലുള്ള അകലം 7 ശതമാനം മാത്രമാണ് ഇത്തവണ. അതേസമയം, 2007 ല്‍ കോണ്‍ഗ്രസിന് ലഭിച്ച 33 ശതമാനവും, 2012 ലെ 39 ശതമാനവും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ 33 ശതമാനവും ഇത്തവണത്തെ 41 ശതമാനവും ചേര്‍ത്ത് വെക്കുമ്പോഴാണ് കോണ്‍ഗ്രസ് നേടിയ നേട്ടം മനസ്സിലാക്കാന്‍ കഴിയുക. 2012 ലെ 61 സീറ്റ് എന്ന നിലയില്‍ നിന്ന് 80 സീറ്റ് എന്ന നിലയിലേക്ക് വളരാന്‍ കോണ്‍ഗ്രസിനായി എന്നത് പ്രതിപക്ഷ ശക്തി എടുത്ത് കാണിക്കാന്‍ കഴിയുന്ന ഒന്നാണ്. എന്‍ സി പി യും ബി എസ് പി യും പ്രതിപക്ഷത്തെ ഏതെങ്കിലും മേഖലകളില്‍ ദുര്‍ബലമാക്കുന്നതിലോ ബി ജെ പി യുടെ വിജയത്തിന് ശക്തി പകരുകയോ ചെയ്‌തോ എന്ന് പരിശോധിക്കേണ്ടതാണ്.
വോട്ടിംഗ് മെഷീനിനെ പഴി പറഞ്ഞ കോണ്‍ഗ്രസിനേയും ഹര്‍ദിക് പട്ടേലിനേയും വിമര്‍ശിക്കാനുള്ള അവസരമാണ് ബി ജെ പി ക്ക് കൈവന്നിരിക്കുന്നത്. എന്നാല്‍ ചോദ്യം മറ്റൊന്നാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. ശ്രീമാന്‍ മോഡി പ്രഖ്യാപനങ്ങളും പദ്ധതി ഉദ്ഘാടനവും നടത്തുന്നതുവരെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്ന കമ്മീഷന്റെ തീരുമാനത്തെ എങ്ങനെ ന്യായീകരിക്കും? അതുപോലെ അഭിമുഖം കൊടുത്തതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചതിനെ എങ്ങനെ ന്യായീകരിക്കും. ഒടുവില്‍ മോഡിയും ചട്ടലംഘനം നടത്തി എന്ന സാഹചര്യത്തില്‍ രാഹുലിനയച്ച നോട്ടീസ് പിന്‍വലിച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി അധികാരം പ്രയോഗിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലെന്ന് കണക്കാക്കാന്‍ പ്രയാസമാണ്. എങ്കിലും ആ വാദത്തെ തത്കാലം തള്ളിക്കളയാവുന്നതാണ്.

ഏറ്റവും ശ്രദ്ധേയമായ മറ്റൊന്ന്, ബി ജെ പി ക്ക് ഗുജറാത്ത് ഒരു വര്‍ഗീയ പരീക്ഷണശാലയായി നിലനിറുത്താന്‍ ഇനി കഴിയില്ല എന്ന വസ്തുതയാണ്. 19 സീറ്റിന്റെ മാത്രം മേല്‍ക്കൈയ്യോടെ അധികാരം നേടിയെടുത്ത് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്വരത്തെ അവഗണിക്കാതെ മുന്നോട്ടു പോകാനാകില്ല. ദളിത്, ബഹുജന, പട്ടേല്‍ പിന്തുണയോടെ അധികാരത്തിരിക്കുന്ന കോണ്‍ഗ്രസിന് അസംബ്ലിയില്‍ ശക്തമായ പ്രതിപക്ഷ സ്വരമാകാനും ശ്രമിക്കാം, ഒപ്പം തന്നെ ജിഗ്നേഷ് മേവാനിയെപ്പോലെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അസംബ്ലിയില്‍ ഉറച്ച സ്വരമായി മാറുമെന്നതില്‍ തെല്ലും സംശയമില്ല.
കോണ്‍ഗ്രസിന്റെ ഈ നേട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കാണ് അഭിമാനിക്കാനുള്ള വകയില്‍ ഏറെയും. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ വ്യക്തിഹത്യയും പരിഹാസവുമായി തനിക്കെതിരെ നീങ്ങിയ ബി ജെ പി നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും രാഹുല്‍ എന്ന വ്യക്തി നല്‍കിയ ശക്തമായ പ്രഹരമാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം. തന്റെ ന്യൂനതകളെ കൃത്യമായി അളന്ന് മനസ്സിലാക്കി രാഷ്ട്രീയത്തില്‍ തികഞ്ഞ പക്വവും കൃത്യതയുള്ളതമായ പ്രകടനമായിരുന്നു രാഹുലിന്റേത് എന്ന് ബി ജെ പി ക്യാംപുകള്‍ പോലും ഇതിനകം വിലയിരുത്തിയിട്ടുണ്ടാകും. വിമര്‍ശനങ്ങളെ ക്ഷമയോടെ നേരിട്ട് സൗമ്യഭാവത്തോടെയും തികഞ്ഞ രാഷ്ട്രീയ മാന്യതയോടെയും പ്രതികരിക്കുന്ന വ്യക്തിയാണോ അതോ വര്‍ഗീയപ്രസംഗവും വ്യക്തിഹത്യയും ജനതയോട് നീതികേടും കാട്ടിയ വ്യക്തിയാണോ ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഇന്ത്യന്‍ ഇലക്ടറേറ്റിന് വരുന്ന മാസങ്ങള്‍കൊണ്ട് തയ്യാറാകാം.
കോണ്‍ഗ്രസ് ഇക്കാലയളവില്‍ തയ്യാറാക്കിയ തന്ത്രത്തിലെ സുപ്രധാനമായ ഒന്ന് സര്‍ക്കാര്‍ വിമര്‍ശനത്തിലും രാജ്യത്തെ സാമൂഹികാവസ്ഥയുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങി നിന്നതാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാവുന്ന തരത്തില്‍ സംഘടനാ ശേഷി ഒരുക്കിയെടുത്ത ആര്‍ എസ് എസ് നും ബി ജെ പിക്കും കൈയ്യിലിട്ട് കളിക്കാവുന്ന തരത്തിലുള്ള അബദ്ധങ്ങളിലൊന്നും കോണ്‍ഗ്രസ് തലവയ്ച് കൊടുത്തില്ല. രാഷ്ട്രീയ ശരി തെറ്റുകളിലൂടെ വിലയിരുത്തുമ്പോള്‍ പലയിടങ്ങളിലും കോണ്‍ഗ്രസിന് ക്രിയാത്മകമാകാമായിരുന്നു എന്ന് തോന്നുന്ന സംഗതികളില്‍ പലതും കോണ്‍ഗ്രസ് അവഗണിച്ചു. പലതും കോണ്‍ഗ്രസ് വോട്ടുബാങ്കുകളെ ചിന്നഭിന്നമാക്കാനായി ബി ജെ പി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ ഭാഗങ്ങളാണ് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു, ഉദാ. പത്മാവതി വിവാദം. കൂട്ടത്തില്‍, സാധാരണക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും സ്വരങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു എന്നത് കോണ്‍ഗ്രസിന്റെ പ്ലസ് പോയിന്റാണ്. കോണ്‍ഗ്രസിനും ബി ജെ പി ക്കുമിടയില്‍ നിര്‍വ്വചിക്കാവുന്ന വ്യത്യാസമുണ്ട്. മതേതര-സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് ശക്തി പകരുന്ന സമീപനങ്ങളാണ് കോണ്‍ഗ്രസിനുള്ളത് എന്നത് ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു.
ഗുജറാത്തില്‍ വിയര്‍പ്പൊഴുക്കിയ ബി ജെ പി വരാനിരിക്കുന്ന ദിവസങ്ങളില്‍ അഗ്നിപരീക്ഷ നേരിടുമെന്നുറപ്പാണ്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും യോഗിയും പാര്‍ട്ടി അധ്യക്ഷനും മാസങ്ങള്‍കൊണ്ട് മാസങ്ങളുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത് വിജയത്തിന് മാറ്റ് കുറവാണ്. വികസന നേട്ടങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ പ്രയോഗിച്ച മോഡിജിയും ഷാജിയും മറ്റ് നേതാക്കന്മാരും നല്‍കിയ വ്യാഖ്യാനങ്ങള്‍ തിരിച്ചാക്രമിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. നീചജാതി, മന്ദിര്‍-മസ്ജിദ്, പാക്കിസ്ഥാന്‍ ഗൂഢാലോചന തുടങ്ങി മുന്‍ പ്രധാനമന്ത്രിക്കെതിരെയും സൈനികമേധാവിക്കെതിരെയും നയതന്ത്രജ്ഞര്‍ക്കെതിരെയും നടത്തിയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇല്ലാതാകുന്നില്ല. മറുവശത്ത്, കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കുകയും പ്രതിപക്ഷ ഐക്യം രൂപപ്പെടുകയും ചെയ്യുന്നു.
‘ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി’ യുവത്വം തിരിച്ചെടുക്കുമ്പോള്‍ വാഗ്ദാനം നല്‍കിയ ‘അച്ചാ ദിന്‍’ വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുക എന്ന ഭാരിച്ച ചുമതല നിറവേറ്റാന്‍ കഴിയാതെ ബി ജെ പി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ബി ജെ പി യിടെ തലമൂത്ത മോഡി-ഷാ കൂട്ടുകെട്ടിനെ പിന്തുണയ്ക്കാത്തവര്‍ പലരും തുറന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്ന എന്നതും ബി ജെ പി യെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന ഘടകങ്ങളാണ്.
രാമക്ഷേത്രം ആര്‍ എസ് എസിന്റെ ആവനാഴിയിലെ സുപ്രധാനമായ അമ്പാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പരിവാറിന് ഏറെ സമയം വേണ്ട, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളേയും ജനവികാരത്തേയും അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് മന്ദിര്‍-മസ്ജിദ് സംവാദം. അതിന് മുമ്പായി കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ചെയ്യാനായി നിരവധി കാര്യങ്ങളുണ്ട്. ഏറ്റവും ചുരുങ്ങിയത് ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമാണ്. ഒപ്പം, വ്യത്യാസങ്ങള്‍ മറന്ന് മുഖ്യ ശത്രുവിനെ നേരിടാനുള്ള ഐക്യത്തിനുള്ള പദ്ധതികള്‍ എത്രയും പെട്ടന്ന് തയ്യാറാക്കുകയും പ്രാദേശികമായ വിഷയങ്ങളിലേക്ക് ശ്രദ്ധയൂന്നി ചര്‍ച്ചകള്‍ തുടരുകയുമാണ് ചെയ്യേണ്ടത്.



