
“അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളുടെമേല്‍ ഒരു ഹിതപരിശോധനയും.”
– മുരളി മാര്‍ഗശ്ശേരി
കേരളത്തില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണ്‍ നടത്തിയ പരാമര്‍ശത്തിലെ ഉള്ളടക്കത്തിലെ കുറച്ച് വാക്കുകളില്‍ തൂങ്ങി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് നാം താഴ്ന്നു പോകരുത്. ഫാസിസം എന്ന് വരെ വിശേഷിപ്പിക്കപ്പിച്ച് കാര്യങ്ങളെ ഗുലുമാലാക്കുന്നത് ചിലരുമുണ്ട്. ഡോ. ബിജു, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രതികരണങ്ങള്‍ മുഖവിലക്കെടുക്കുമ്പോഴും നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട് ആളെക്കൂട്ടി ജനാധിപത്യം പ്രസംഗിച്ച് ചലച്ചിത്രമേളകള്‍ സംഘടിപ്പിച്ച് ഇക്കാലം കൊണ്ട് നമ്മളെന്തുനേടി.? അടൂരിന്റെ പ്രസ്താവനയിലെ ഇംഗ്ലീഷ് അറിയാവുന്നവര്‍ വന്നാല്‍ മതി എന്ന ഭാഗത്തെ മാത്രം സ്വീകരിച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ മലയാളിയേയും മാധ്യമപ്രവര്‍ത്തകരാക്കുന്ന സംരംഭങ്ങള്‍ ആരംഭിച്ചത് മുതലാണോ… നമ്മള്‍ മാധ്യമപ്രവര്‍ത്തകരെപ്പോലെ നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സ്വീകരിച്ച് അതിനെക്കുറിച്ച് സംസാരിച്ചാല്‍ മതി എന്ന് വെച്ചത്..?
സിനിമ മിക്കപ്പോഴും ദൃശ്യങ്ങള്‍കൊണ്ടും സാങ്കേതികത്വം കൊണ്ടും സംസാരിക്കുന്ന ആധുനിക-ജനപ്രിയ കലയാണ് എന്ന് നമുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും – സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും തങ്ങളുടെ സിനിമകളില്‍ ആലങ്കാരികമാണെന്ന് തെളിയിച്ച് സംവിധായകരുണ്ട്. കിംകി ഡൂക്, കപ്പളനോങ്‌ളു, നൂറി ബില്‍ജി സെയ്‌ലാന്‍ തുടങ്ങി ഒട്ടനവധി പേര്‍. സിനിമയെ എല്ലാവരും അതുപോലെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സാധ്യമല്ലല്ലോ. ബെലാ താര്‍, തര്‍ക്കോവസ്കി, കുറോസോവ, ഹിറ്റച്‌കോക്ക്, ആന്ദ്രേ സ്യാഗ്നിസ്‌റ്റേവ്, ഫാസ്ബിന്ദര്‍, ഹെസ്‌ഹോഗ്, വിറ്റോറിയോ ഡി സിക്ക, ഋതു പര്‍ണഘോഷ്, ഐസന്‍സ്‌റ്റൈന്‍, ചാപ്ലിന്‍ ഇവരെല്ലാം വിവിധ സാധ്യതകളെ മുന്‍നിറുത്തി ആശയം മറ്റുള്ളവരിലേക്കെത്തിക്കാന്‍ എക്കാലത്തും ശ്രമിച്ചവരും വിജയിച്ചവരുമാണ്. ഒരു മനുഷ്യജീവിതത്തിന്റെ സാമൂഹിക വൈകാരികാവസ്ഥകള്‍ ചിത്രീകരിക്കാന്‍ ദൃശ്യത്തോടൊപ്പം സംഭാഷണവും സ്വാഭാവിക-കൃത്രിമ ശബ്ദവും ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സംവിധായകര്‍ അത് സ്വീകരിക്കുക പതിവാണല്ലോ. ഉദാഹരണത്തിന് മികച്ച് നിശബ്ദ സിനിമകളും നിര്‍മ്മിച്ച ചാപ്ലിന്‍ ‘ദ ഗ്രേറ്റ് ഡിക്ടറ്റേറ്റര്‍’ എന്ന സിനിമ സംഭാഷണത്തോടെയല്ലേ നിര്‍മ്മിച്ചത്, ലോകം രാഷ്ട്രീയമായും ആശയപരമായും രണ്ട് ധ്രുവങ്ങളില്‍ നിന്ന് കൊമ്പ്കോര്‍ക്കുന്ന കാലഘട്ടത്തില്‍ ചാപ്ലിന് തന്‍റെ ആശയം മുന്നോട്ട് വെയ്ക്കാന്‍ ശബ്ദം കൂടി ഉപയോഗിക്കാന്‍ തോന്നിയിരിക്കണം – പ്രസ്തുത സിനിമയുടെ അവസാനഘട്ടത്തില്‍ ചാപ്ലിന്റെ കഥാപാത്രം കാണികളോടും ലോകത്തോടും സംസാരിക്കുന്ന വിഷയങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഒട്ടും മനസ്സിലാകാത്ത ഒരാള്‍ക്കും ദഹിക്കണമെന്നില്ല. ആ സിനിമയുടെ ആത്മാവും നമ്മളിലേക്കെത്തുമെന്നും പ്രതീക്ഷിക്കാനാകില്ല. ഹിറ്റ്ച്കോക്ക് സിനിമ ഭാഷ മനസിലാക്കാതെ നമ്മള്‍ കണ്ടാല്‍ എങ്ങനെയിരിക്കും. ഒട്ടനവധി സംഭാഷണങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്ന സംവിധായകരാണ് ഋതു പര്‍ണഘോഷ്, ഗിരീഷ് കസറവള്ളി – അങ്ങനെ നോക്കിയാല്‍ ഈ രാജ്യത്ത് തന്നെ നിര്‍മ്മിക്കുന്ന പല സിനിമകളും സബ്ടൈറ്റില്‍ വായിക്കാതെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാറില്ല – ശെല്‍വരാഘവന്റെ ‘ആയിരത്തിലൊരുവന്‍’ സംഭാഷണം മനസിലാകാന്‍ ചോളസാമ്രാജ്യ കാലഘട്ടത്തിലെ തമിഴ് പഠിക്കാന്‍ നമ്മളാരും പോകില്ല – ഇവിടെയെല്ലാം യൂണിവേഴ്‌സല്‍ ഭാഷയുടെ പ്രസക്തി ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അടൂര്‍ ലോകസിനിമയെക്കുറിച്ചും സിനിമാ സംസ്‌കാരങ്ങളെക്കുറിച്ചും ആസ്വാദന സംസ്‌കാരങ്ങളെക്കുറിച്ചും മനസിലാക്കാത്ത ആളല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ. അപ്പോള്‍ അദ്ദേഹം പറയുന്ന വിഷയത്തേയും ആ വീക്ഷണകോണില്‍ നിന്ന് കാണാന്‍ നാം ശ്രമിക്കണം – അത് കേവലം ഭാഷാ നൈപുണ്യത്തെക്കുറിച്ചല്ല – മാത്രമല്ല അദ്ദേഹത്തിന്‍റെ വാക്കുകളത്രയും വളച്ചൊടിക്കപ്പെട്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇത്രയും കാലംകൊണ്ട് സാംസ്കാരിക കേരളം നെഞ്ചേറ്റിക്കൊണ്ട് നടന്ന ചലച്ചിത്രോത്സവം നല്ല ആസ്വാദന സംസ്‌കാരം ഉണ്ടാക്കി തന്നിട്ടില്ല എന്നുറപ്പല്ലേ? ഇല്ലെങ്കില്‍ തിയേറ്ററിനകത്ത് സിനിമകാണാന്‍ കയറിയാല്‍ ഒച്ചപ്പാടും കൂവലും കേട്ട് സിനിമകണ്ടിറങ്ങേണ്ട ഗതികേട് മേളയ്ക്ക് വരുന്ന വലിയൊരുവിഭാഗം സിനിമപ്രേമിക്കും അഭിമുഖീകരിക്കേണ്ടി വരില്ലല്ലോ. കഴിഞ്ഞ ഒരു ദശാബ്ദമായി മേളയില്‍ വരുന്ന ഒരു സിനിമാ പ്രേക്ഷകന്‍ വളരെ വിഷമത്തോടെ കഴിഞ്ഞ ചലച്ചിത്രമേളയില്‍ നിന്നും സിനിമകാണാന്‍ കഴിയാതെ ഇറങ്ങിപ്പോന്ന അവസ്ഥ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. 2010 ല്‍ ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’ എന്ന ചിത്രം കാണാനായി തിക്കും തിരക്കും കൂട്ടി, തിയേറ്ററിന്‍റെ വാതിലുകളും ചില്ലുകളും തച്ചുടച്ചപ്പോഴും സിനിമ കാണാന്‍ വഴിയില്‍ കാത്തിരുന്ന മറ്റ് പ്രേക്ഷകരേയോ ജനാധിപത്യമൂല്യങ്ങളെക്കുറിച്ചോ വേവലാതിപ്പെട്ട എത്രപേരുണ്ടായിരുന്നു.?

സിനിമ മനസിലാകാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത പക്ഷം മറ്റുള്ളവരെ ശല്യം ചെയ്യാതെ എഴുന്നേറ്റ് പോകണമെന്ന് മാനസികാവസ്ഥ കാണിക്കാന്‍ തയ്യാറല്ലാത്ത ഒരു ന്യുനപക്ഷം മേളയെ ഭരിക്കുന്നു. കയ്യിലൊരു സ്മാര്‍ട്‌ഫോണും വെച്ച് – സംസാരിച്ചിരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്യുന്ന ആസ്വാദന സ്വഭാവം ശീലമാക്കിയെടുത്തവരാണിവര്‍. പിന്നെ ഈ പറയുന്ന സിനിമാ പ്രണയമൊന്നും വര്‍ഷത്തിലെ ഏഴു ദിവസത്തിനപ്പുറം കാണാറില്ല – ചലച്ചിത്രോത്സവത്തില്‍ കിംകി ഡുക്, അതു കഴിഞ്ഞാല്‍ ശരാശരി മോഹന്‍ലാല്‍ അഥവാ മമ്മുട്ടി സിനിമകള്‍ ഇത്രയുമായി കാര്യങ്ങള്‍ മാറുകയാണെങ്കില്‍ എന്തിനാണ് ആളെക്കൂട്ടി ചലച്ചിത്രോത്സവം നടത്തുന്നത്. ‘ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍’ ഒരു മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു – കേരളത്തില്‍ അത്തരത്തില്‍ എത്ര സിനിമകള്‍ സംഭവിക്കുന്നു..? ദളിത് കാഴ്ചപ്പാടില്‍ ചര്‍ച്ചചെയ്ത സിനിമ സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചപ്പോള്‍ അത് കാണണമെന്ന് ആരും വാശിപിടിച്ചില്ല. ‘സ്വപാനം’ എന്ന സിനിമ മൂന്ന് ദിവസം പോലും കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. അതെന്തായാലും സംവിധായകനോ മറ്റണിയറ പ്രവര്‍ത്തകര്‍ക്കോ താത്പര്യമില്ലാത്തത് കൊണ്ടായിരുന്നില്ല. റിലീസിംഗ് ദിവസം സിനിമ കണ്ട ഒരു തിയേറ്ററില്‍ മുപ്പത് പേരുപോലുമുണ്ടായിരുന്നില്ല. അതിലെ പകുതി കാണികള്‍ ഇടവേളയ്ക്ക് ശേഷം അവിടെയിരുന്നില്ല. നമ്മുടെ സിനിമാ ആസ്വാദന സംസ്‌കാരത്തോട് വളരെ ബഹുമാനം തോന്നുന്ന ചില ഉദാഹരണങ്ങളാണിവ. പിന്നെ സിനിമ കാണിക്കാനല്ല ഫിലിംഫെസ്റ്റിവെല്‍ – അങ്ങനെയൊരുദ്ദേശമാണ് വേണ്ടതെങ്കില്‍ ഫെസ്റ്റിവെല്‍ നിര്‍ത്തി യൂടൂബും ടോറന്റും സമഗ്രമാക്കിയാല്‍ മതി. അതിനിടെ കുറച്ച് പേര്‍ കേരളത്തിലെ സിനിമാസ്വാദന മികവിനെ ഉയര്‍ത്തിപ്പിടിച്ച് അവതാര്‍, ടൈറ്റാനിക് സിനിമയുടെ വിജയം ചര്‍ച്ച ചെയ്തു. ‘അവതാര്‍’ മുന്നോട്ട് വെക്കുന്ന ആശയം യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രേക്ഷകരില് തന്നെ പലരും സ്വീകരിച്ചിട്ടില്ലെന്നതും ഒരു ആനിമല്‍ പ്ലാനറ്റ് ഇന്‍ഫോടെയിന്മെന്റ്‌പ്രോഗ്രാം പോലെ നമ്മളത് കണ്ട് ഒഴിവാക്കിയെന്നതും തിരിച്ചറിയണം. ‘ടൈറ്റാനികും ജുറാസിക് പാര്‍ക്കും, ടെര്‍മിനേറ്ററും’ വ്യത്യസ്തത പുലര്‍ത്തി – നന്നായി മാര്‍ക്കറ്റ് ചെയ്ത് നമ്മളില്‍ നിന്ന് പണം അപഹരിച്ചു എന്നല്ലാതെ ഒരു ചുക്കും നമുക്ക് തന്നിട്ടില്ല. മാത്രമല്ല ആ സിനിമ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അപകട സാധ്യതപോലും നാം മനസ്സിലാക്കിയില്ല. സിനിമയും അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങള്‍ പ്രേക്ഷകസമൂഹം ചര്‍ച്ചചെയ്യുമ്പോഴും – ആ സിനിമകളില്‍ ദൃശ്യവത്കരിച്ച സംസ്‌കാരം മനസ്സിലാകുമ്പോഴും – വേറിട്ട സിനിമാ പരിശ്രമങ്ങള്‍ക്ക് നമ്മുടെ സമാന്തര സിനിമാ മേഖലയും സനിമാ-വ്യവസായ മേഖലയും സാക്ഷ്യം വഹിക്കുമ്പോഴും – സ്റ്റാര്‍ പദവികളിലും സ്റ്റാര്‍ അഭാവത്തിലും പെട്ട് നമ്മുടെ നല്ല സിനിമകള്‍ എങ്ങുമെത്താതിരിക്കുന്ന അവസ്ഥ ഇല്ലാതാകുമ്പോഴും ഈ ചലച്ചിത്രോത്സവങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നു – അല്ലാത്തപക്ഷം അത് സമ്പൂര്‍ണ്ണ പരാജയം തന്നെയാണ്. അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. ഒരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളിലൂടെ ഒരു ഹിതപരിശോധനയും.
[eMailID: muralimargassery@hotmail.com]