അനിവാര്യമായ സാമൂഹികവിപ്ലവം അകലെ നില്‍ക്കുന്നു…

ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

__________________________________________

– മുരളി മാര്‍ഗശ്ശേരി

വിഷം ശരീരത്തിനുള്ളില്‍ പ്രവേശിച്ച് മിനിറ്റുകള്‍ കഴിഞ്ഞിരുന്നു, കട്ടിലിനരികെ ഉലാത്തിയശേഷം അനുയായികളുടെ സഹായത്തോടെ അയാള്‍ കിടക്കയിലേക്കമര്‍ന്നു, ഗുഹാതടവറയുടെ ഏതോ അരികില്‍നിന്നും ഒലിച്ചിറങ്ങി അവിടമാകെ പരന്ന വെളിച്ചത്തിന്റെ ഉറവിടം വ്യക്തമല്ലാതെ വന്നപ്പോള്‍ സോക്രട്ടീസ് കണ്‍പോളകളമര്‍ത്തിയടച്ചു. അനുയായികള്‍ തടവറയില്‍ കണ്ണീരൊഴുക്കി മൂക്കൂചീറ്റി നിന്നു. മുഖത്ത് മൂടിയിട്ട പുതപ്പ് സ്വയം നീക്കി സോക്രട്ടീസ് വിളിച്ചു പറഞ്ഞു. ‘അസ്‌ക്ലേപ്പിയസിന് ഞാനൊരു കോഴിയെ കൊടുക്കാനുണ്ട്, അത് കൊടുക്കാന്‍ മറക്കരുത്.’ ജീവിതത്തിലുടനീളം തത്ത്വചിന്തകള്‍ പറഞ്ഞ അദ്ദേഹത്തിന്റെ അവസാന വാക്കുകളെ വ്യാഖ്യാനിക്കാന്‍ തത്ത്വചിന്തകര്‍ കാലത്തിനക്കരയിലും ഇക്കരയിലുമായി ഓടിക്കൊണ്ടിരുന്നു.

വൈദ്യനായിരുന്ന അസ്‌ക്ലേപ്പിയസിന് എന്തിനാണ് സോക്രട്ടീസ് കോഴിയെ കൊടുക്കേണ്ടിയിരുന്നത് എന്നതല്ല നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഗ്രീസിലെ ജനാധിപത്യ വ്യവസ്ഥയേയും വിശ്വാസങ്ങളേയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത തത്ത്വചികനെ വിചാരണ ചെയ്തത് ജനാധിപത്യ വോട്ടെടുപ്പിലൂന്നിയായിരുന്നു. ശിക്ഷയെ ശരിവെയ്ക്കുന്ന 280 വോട്ടുകള്‍ക്കെതിരെ 220 പ്രതിഷേധവോട്ടുകള്‍ രേഷപ്പെടുത്തപ്പെട്ടു. ഭൂരിപക്ഷാഭിപ്രായത്തിന്റെ സാധ്യത കണക്കുകൂട്ടി ഭരണകൂടം സോക്രട്ടീസിന്റെ ശിക്ഷ നടപ്പാക്കി. ജനാധിപത്യത്തില്‍ ഭൂരിപക്ഷാഭിപ്രായം തെറ്റായിരിക്കാമെന്നോ ന്യൂനപക്ഷാഭിപ്രായം ശരിയായിരിക്കുമെന്നോ വസ്തുതാപരമായി തെളിയിക്കുന്ന മറ്റൊരു സാധ്യതയും നിലവിലില്ല. മുഴുവന്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി എന്തു നടപ്പാക്കിയാലും അത് ന്യായീകരിക്കപ്പെടും, ഒരേസമയം ഭരണകൂട നടപടികള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പ് വരുത്തിയാലും മതിയെന്ന അവസ്ഥ. ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ അസ്ഥിവാരം ഉറപ്പിച്ച മൂലക്കല്ല് ഇവിടെ ഇളകിത്തെറിക്കുകയാണ് എന്ന് നമുക്ക് പറയേണ്ടി വരും.

ഈ രൂപത്തില്‍ കെട്ടിപ്പടുത്ത ജനാധിപത്യത്തില്‍ വ്യക്തികള്‍ അവകാശങ്ങളെക്കുറിച്ചോര്‍ത്ത് വാചാലരാകുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ അധികാരങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നു. പതിനാറാം പൊതുതെരഞ്ഞെടുപ്പിനെ മുഖാമുഖം കാണുന്ന ഈ സമയത്തും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് വാക്കുകളില്‍ പ്രസ്താവിച്ച് പ്രകമ്പനം കൊള്ളുന്ന രാഷ്ട്രീയബോധമുള്ള പൊതുസമൂഹം ജനാധിപത്യത്തിന്റെ അപചയകാരണങ്ങളേയും സാധ്യതകളേയും കൂട്ടിച്ചേര്‍ത്ത് വിശകലനം ചെയ്യാന്‍ ഇനിയും പഠിച്ചുവരുന്നതേയുള്ളു. തങ്ങളും ജനാധിപത്യത്തിന്റേയും ബന്ധപ്പെട്ട പ്രക്രിയകളുടേയും ഭാഗമാണ് അല്ലെങ്കില്‍ താന്‍ വിനിയോഗിക്കുന്ന സമ്മതിദാനാവകാശം അധികാരതലങ്ങളില്‍ ചിലരെ കയറ്റിയിരുത്തും എന്നുപോലും അറിയാത്ത ജനസമൂഹമുള്ള രാജ്യത്ത് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് 30,000 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കാനായി ചെലവിടുന്നത് (സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തുവിട്ട ഒദ്യോഗിക കണക്കുകള്‍). ഇനി ഭൂരിപക്ഷം എന്ന മഹാപ്രതിഭാസത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ 50 ശതമാനത്തിന്റെ കേവല പിന്തുണയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണ് രാജ്യം ഭരിച്ച് പോരുന്നത്, ഭൂരിപക്ഷ ജനപിന്തുണ ഇല്ലാതാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരം കൈക്കലാക്കാന്‍ ദേശീയ പാര്‍ട്ടികള്‍ മുന്നോട്ടു വെയ്ക്കുന്ന തന്ത്രമാണ് മുന്നണി സംവിധാനം. സ്വാതന്ത്ര്യാനന്തരകാല പ്രഥമ കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ച വോട്ടുകളെടുത്ത് പരിശോധിച്ചാല്‍ അവര്‍ക്ക് അക്കാലത്തെ പകുതി ജനവിഭാഗത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തമാണ്, 50 ശതമാനം ജനവിഭാഗത്തിന് കൈകാര്യം ചെയ്യാനറിയാത്ത ഭാഷയാണ് ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദി. ഭൂരിപക്ഷ ജനവിഭാഗങ്ങളും ശീലിക്കുന്ന ഹിന്ദുമതമാണ് ഭാരതത്തിന്റെ പാരമ്പര്യം എന്ന് അവകാശപ്പെടുമ്പോള്‍ മതങ്ങള്‍ക്കിടയിലുള്ള അകലത്തിലധികം അന്തരം ഹിന്ദുമതത്തിനുള്ളിലെ ജാതിവിഭാഗങ്ങള്‍ക്കിടയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാമുദായിക മേധാവിത്വം പരിശോധിച്ചാല്‍ ലഭിക്കുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ഇന്ത്യയുടെ ആകെ ജനസംഖ്യയില്‍ 4 ശതമാനം ബ്രാഹ്മണരാണ് ഉള്ളതെങ്കില്‍ ഉന്നത ഭരണാധികാര മേഖലയും (ഐ.എ.എസ്) നീതിന്യായ വ്യവസ്ഥയും 40 ശതമാനത്തെ ബ്രാഹ്മണരെ ഉള്‍ക്കൊള്ളുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറേ വര്‍ഷമായി പതിനൊന്നില്‍ ഏഴ് എന്ന കണക്കില്‍ ബ്രാഹ്മണ വിഭാത്തില്‍പ്പെടുന്ന കളിക്കാരെ തെരഞ്ഞെടുത്തിരുന്നു, ഇന്ത്യ തെരഞ്ഞെടുത്ത പ്രധാനമന്ത്രിമാരുടെ കാര്യത്തിലും ഈ ആനുപാതം സമാനമാണ്. ഇനി വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതി എടുത്ത് പരിശോധിക്കുമ്പോളും തള്ളിക്കളയാന്‍ കഴിയാത്ത കുറേ കാര്യങ്ങളുണ്ട്. പത്ത് ശതമാനത്തിലേറെ ബ്രാഹ്മണര്‍ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, അഞ്ച് മുതല്‍ ഒമ്പത് വരെ ശതമാനം ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, ഒറീസ, പശ്ചിമബംഗാള്‍, ബീഹാര്‍, അരുണാചല്‍ പ്രദേശ് എന്നിവ. ഇതില്‍ തന്നെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിങ്ങനെ ആറോ ഏഴോ സംസ്ഥാനങ്ങളെ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കുന്ന ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കും വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയുടെ ഭരണയന്ത്രം കയ്യാളാം. ബി ജെ പി ക്കോ കോണ്‍ഗ്രസിനോ ഈ ആറ് സംസ്ഥാനങ്ങളില്‍നിന്ന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ പിന്നീട് മുScreenshot_1ന്നണി സംവിധാനത്തെ ശക്തിപ്പെടുത്തി അധികാരത്തിലേക്ക് പ്രവേശിക്കാം. സവര്‍ണ്ണ വോട്ടുകളെ ക്രോഡീകരിക്കാന്‍ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഉത്തര്‍പ്രദേശിലും ബീഹാറിലും അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ (ബ്രാഹ്മണാനുകൂല) സാമുദായിക വോട്ടുകളെ ലക്ഷ്യം വെച്ചാണെന്നുറപ്പ്. ഇതേ യു. പി. യിലും ബീഹാറിലും ജനാധിപത്യമെന്തെന്നത് അക്ഷരാര്‍ത്ഥത്തില്‍ അറിയാത്ത ജനവിഭാഗങ്ങള്‍ വസിക്കുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന ബ്രാഹ്മണവിരുദ്ധ വികാരമൊന്നുമല്ല ഈ വസ്തുതകള്‍ എണ്ണിനിരത്തിയതിനുള്ള നിരത്തുന്നതിനുള്ള കാരണം. ഇത്തരത്തിലുള്ള വിരോധാഭാസങ്ങളില്‍ കെട്ടിപ്പടുത്തതാണ് നമ്മുടെ ജനാധിപത്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ ഒടുവിലായി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചെലവഴിച്ച 42,000 കോടിയിലേറെ ഇവിടെ ചെലവിടാന്‍ സാധ്യത കുറവല്ല എന്ന് അനൗദ്യോഗികമായി പ്രസ്താവിക്കാം. ഇതില്‍ വലിയൊരളവില്‍ പണം പ്രവഹിക്കുന്നത് കോര്‍പ്പറേറ്റുകളില്‍നിന്നും കോണ്‍ട്രാക്ടടേഴ്‌സില്‍നിന്നും ബിസിനസ്സുകാരില്‍ നിന്നുമാണ്, ഇനി ചോദിക്കാം ആരുടെ ജനാധിപത്യം.?

ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഈ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ചൂഷണ ഭരണവ്യവസ്ഥയില്‍ നിന്ന് എന്ത് വ്യത്യാസമാണ് ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കിയത് എന്ന് വിശകലനം ചെയ്യുന്ന ആര്‍ക്കും പുരോഗതിയും പരിഷ്‌കാരവും ഈ രാജ്യത്തെ പൗരന്മാരില്‍നിന്ന് തീണ്ടാപ്പാടകലെ നില്‍ക്കുന്നുവെന്ന് പറയാനാകും. ഡോ. ബി. ആര്‍. അംബേദ്കര്‍ നിര്‍മ്മിച്ച് നടപ്പാക്കാനാഗ്രഹിച്ച ഭരണഘടന ആദ്യം തന്നെ വെള്ളം ചേര്‍ക്കപ്പെട്ടു. സവര്‍ണ്ണനും ആദിവാസിയും സമത്വത്തിലേക്ക് നീങ്ങുന്നത് തടയുക എന്ന ചിന്താഗതി തന്നെയാണിതിനു പുറകില്‍, ഭരണഘടനാ പ്രസംഗത്തില്‍ അംബേദ്കറിന്റെ വാക്കുകളെ രാമചന്ദ്രഗുഹ ‘ഗാന്ധിക്കുശേഷമുള്ള ഇന്ത്യ’ എന്ന പുസ്തകത്തിലൂടെ ഉദ്ധരിക്കുന്നുണ്ട്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ബോംബെ പാര്‍ലമെന്റ് മണ്ഡലത്തില്‍ കജോല്‍ക്കര്‍ എന്ന പാല്‍ക്കാരനെ എതിര്‍ സ്ഥാനാര്‍ത്തിയാക്കി ഡോ. അംബേദ്കറെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. ശുഷ്‌കിച്ച വര്‍ഗ വിവേചന ദണ്ഡ് ചുഴറ്റി കോണ്‍ഗ്രസ് ജയിച്ചു വന്നപ്പോള്‍ ഭാരതത്തില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിത് വിഭാഗക്കാരുടെ പ്രതീക്ഷകളിലേക്ക് ഇരുള്‍ വാരിവിതറപ്പെട്ടു. ഗാന്ധി നേടിക്കൊടുത്ത മതേതര മേല്‍വിലാസത്തെ പില്‍ക്കാലത്ത് കോണ്‍ഗ്രസുകാര്‍ ബലികഴിപ്പിച്ചു, കൊളോണിയല്‍ ഭരണത്തിനും പുറകോട്ട്, വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണനെന്നും, ക്ഷത്രിയനെന്നും, വൈശ്യനെന്നും, ശുദ്രനെന്നും മനുഷ്യര്‍ വിഭാഗിക്കപ്പെട്ട കാലത്തിന്റെ അതേ ദിശയിലേക്ക്  ഭാരതീയ സമൂഹം നീങ്ങുന്ന കാഴ്ചയാണ് ചുറ്റിലും ഇപ്പോള്‍. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ജനാധിപത്യത്തിന്റെ പാവനകേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ കയറിക്കൂടിയത് ജനങ്ങളായിരുന്നില്ല, പരിഷ്‌കരിക്കപ്പെട്ട ചാതുര്‍വര്‍ണ്ണ്യം തന്നെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അന്നേ ബോധിച്ചിരുന്നില്ല, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, ബ്രിട്ടന്റെ വെളുത്ത ബൂര്‍ഷ്വാസി ഇന്ത്യയിലെ കറുത്ത ബൂര്‍ഷ്വസികള്‍ക്ക് അധികാരം കൈമാറി എന്നാവര്‍ത്തിച്ച് പറഞ്ഞ് കരിങ്കൊടി ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താത്പര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. റഷ്യന്‍മോഡല്‍ അരാജകത്വം സ്വതന്ത്ര്യ ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതിയതുകൊണ്ടൊന്നുമല്ല അവരങ്ങനെ ചെയ്തത്, കമ്മ്യൂണിസ്റ്റുകാര്‍ തോളിലേറ്റി നടക്കുന്ന വര്‍ഗ്ഗരാഷ്ട്രീയം ചെലവാക്കാനുള്ള മികച്ച സ്‌പോട് ആയി അവരതിനെ കരുതി. രണ്ട് നൂറ്റാണ്ടിലേറെയായി സ്ഥാപിക്കപ്പെട്ട ഫ്യൂഡല്‍ സാമൂഹികാവസ്ഥ അതേ ശക്തിയോടെ സ്വതന്ത്ര്യ ഇന്ത്യയിലും നടമാടുന്നത് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നുണ്ടായിരുന്നു. അവരത് രാഷ്ട്രീയമായിത്തന്നെ ഉപയോഗിച്ചു. ഇന്ത്യയെ സാമൂഹികമായി ഏകീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലക്ഷ്യമില്ലായിരുന്നു, അത് കുറച്ചേറെ സാധ്യമാക്കിയത് ഗാന്ധിതന്നെയാണ്. ഗാന്ധിയെ വിമോചകനായി വിശേഷിപ്പിക്കപ്പെടുന്നതിന്റെ പ്രസക്തിയും ഇതാണ്, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി നിലനിന്ന് പോന്ന വേര്‍തിരിവിന്റെ അവസ്ഥയില്‍ നിന്നും ഭാരതീയന്‍ അഥവാ ഇന്ത്യക്കാരന്‍ എന്ന പൂര്‍ണ്ണാവസ്ഥയിലേക്ക് ഗന്ധി വലിയൊരു ജനസമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ഭാരത്തെ നയിച്ച ആരേയും ഇവിടെ വിസ്മരിക്കുന്നില്ല, പക്ഷേ അഹിംസാ സമരസന്ദേശത്തെ കൂടുതല്‍ എടുത്ത് കാട്ടേണ്ടിയിരിക്കുന്നത് ഈ വര്‍ത്തമാനകാലത്തും അനിവാര്യമായതിനാലാണ് ഗാന്ധിയന്‍ സമരപ്രസക്തി ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.

അധികാര കസേരകളിലെ മര്‍ദ്ദം സ്വീകരിച്ച കോണ്‍ഗ്രസുകാര്‍ക്ക് പിന്നീടൊരിക്കലും സമത്വമോ മതേതരമോ ആയ കാഴ്ച ഉണ്ടായിട്ടില്ല, ദലിത് പക്ഷത്തേക്ക് ഏറെ നടന്നടുത്തത് അക്കാലത്തെ ഇടതുപക്ഷമായിരന്നു, തീവ്ര ചിന്താഗതി ഇടതുപക്ഷക്കാര്‍ കൂടുതലായി ദലിത് പിന്നോക്ക പ്രശ്‌നങ്ങളില്‍ ഇടപെട്ടു. പക്ഷേ ദലിതരെ വഞ്ചിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒട്ടും പുറകേട്ട് വന്നില്ലെന്ന് മാത്രമല്ല, അവരുണ്ടാക്കിയെടുത്ത ഉന്മൂലന സിദ്ധാന്തം അഹിംസാ പാരമ്പര്യത്തിനും ജനാധിപത്യത്തിനും മുകളില്‍ അഴുകിപ്പിടിപ്പിച്ച കറയായി നിലകൊള്ളുകയും ചെയ്തു. ഉന്മൂലത്തിലൂടെ ജന്മിയുടെ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ മേധാവിത്വത്തെ ഇല്ലാതാക്കാം, കൂടാതെ അതുണ്ടാക്കിയെടുക്കുന്ന ഭയം ദുഷ്പ്രഭുത്വത്തെ തലകീഴായി മറിക്കും, പീഢിതരായ ജനവിഭാഗത്തെ അത് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ അവരുടെ നിഴലിലൂടെ ഭരണകൂടത്തിന്റെ കണ്ണുകളെ മറികടന്ന് സ്വതന്ത്ര്യരായി വിരാജിക്കാം. പലദലിത് സമൂഹങ്ങളും നക്‌സല്‍ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊണ്ടു അവര്‍ക്ക് പകരം ലഭിച്ച് ഭരണകൂെടത്തിന്റെ ഭീകര ചെയ്തികളായിരുന്നു. ഇന്നും മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ പൊലീസിന്റെ ഇടപെടല്‍ മനുഷ്യത്വ രഹിതമാണ്. ഇതിന്റെയെല്ലാം സാരാംശം ഇങ്ങനെയാകും ‘അന്ന് ജന്മിയാല്‍, ഇന്ന് ഭരണകൂടത്തിനാല്‍.’ ഇതോടെ ജനാധിപത്യം അധികാരി വര്‍ഗത്തിന് വിവരിക്കാന്‍ എളുപ്പമുള്ളതും ചൂഷിതന് മനസ്സിലാക്കാന്‍ കഴിയാത്തതുമായി തീര്‍ന്നു. ഭരണകൂടെ താരതമ്യേന ശക്തിയേറിയതായതിനാല്‍ അവരുടെ തോക്കുകള്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന് ധാരാളം രക്തസാക്ഷികളെ നല്‍കി.

മധ്യവര്‍ഗ്ഗം അനുനിമിഷം ശക്തിപ്പെടുന്നതും വികസിക്കുന്നതുമാണ് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ പരാജയം, മധ്യ-ഉപരിമധ്യവര്‍ഗത്തിന്റെ ഉപഭോക്തൃ കാഴ്ചപ്പാടുകള്‍ കോര്‍പ്പറേറ്റുകളുടേയും, കാപ്പിറ്റലിസ്റ്റുകളുടേയും ഉല്‍പന്നങ്ങളെ സഹായിക്കുന്നു, ഈ ഉല്‍പ്പന്നങ്ങളും, ഉത്പാദന പ്രേരകമായ സമ്പത്തും നമ്മുടെ രാഷ്ട്രീയത്തേയും, ഭരണകൂടത്തേയും സഹായിക്കുന്നു. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഈ പരസ്പരധാരണയുടെ പുറത്ത് കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ലഭിക്കുന്നത് കാപ്പിറ്റലിസ്റ്റുകള്‍ക്കാണ്, അവന്റെ വിയര്‍പ്പും ദുര്‍ഗന്ധവും രുചിക്കുന്ന മധ്യവര്‍ഗത്തിന് മറ്റ് സുഖസാധ്യതകളും ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു രാജ്യമല്ല, രണ്ടാണ് അഗീകരിക്കപ്പെട്ടവന്റേയും അവഗണിക്കപ്പെട്ടവന്റേയും രാജ്യങ്ങള്‍.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മധ്യവര്‍ഗ്ഗ വിധേയത്വവും

യഥാര്‍ത്ഥത്തില്‍ നമ്മുടെ പൊതുസമൂഹം ഈ വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിനെ സ്വീകരിക്കുന്നതെങ്ങനെയെന്നത് വളരെ പ്രസക്തമാണ്. മധ്യവര്‍ഗ ചേരിയിലെ എല്ലാവര്‍ക്കും ബോധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് കോണ്‍ഗ്രസും ബി ജെ പി യും കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റുകാരും മധ്യവര്‍ഗത്തിനിടയിലാണ് പ്രവര്‍ത്തിക്കുന്നത്. ആമാശത്തിന്റെ ദാരിദ്രമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രശ്‌നമിപ്പോള്‍ എന്നൊരാള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. കെടുകാര്യസ്ഥതയുടെ ഉന്നതിയിലാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം കൊടുക്കുന്ന ഐക്യ പുരോഗമന മുന്നണി എന്ന പ്രസ്ഥാനവും. 2ജി, ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കല്‍ക്കരി കുംഭകോണം, ഡി എല്‍ എഫ് എന്നിങ്ങനെ നിരവധി അഴിമതിക്കേസുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിച്ചു. അസമത്വമാണ് അഴിമതിയുടെ വളം, അത് തുടച്ച് നീക്കുന്നതുവരെ ഇത് പലരൂപത്തില്‍ തുടരും എന്നതാണ് വസ്തുത. അഴിമതിയെക്കുറിച്ചോ, ഭരണപാളിച്ചകളെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ വിവരാവകാശനിയമവും, തൊഴിലുറപ്പ് എന്നിങ്ങനെ പ്രിയപ്പെട്ട പദ്ധതികളെക്കുറിച്ചാണ് കോണ്‍ഗ്രസിന്റെ വിവരണം. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബാധ്യസ്ഥരാണ് ഭരണാധികാരികള്‍, അത് ഉത്തരവാദിത്തമാണ്, കെടുകാര്യസ്ഥത എങ്ങനെ ന്യായീകരിക്കും? ഒരു മന്‍മോഹന്‍സിങ്ങോ, ചിദംബരമോ മോഷ്ടിച്ചു എന്ന് പറയുന്നില്ല, പക്ഷേ അവര്‍ക്ക് കീഴില്‍ അത്തരം അഴിമതി നടക്കുമ്പോള്‍ ആ സ്ഥാനങ്ങള്‍ കൈവശം വെയ്്കാന്‍ അവരര്‍ഹരല്ല എന്നതുതന്നെയാണ് സത്യം.

ഹിന്ദു ദ്വൈവാരികയായ ഫ്രണ്ട്‌ലൈന്‍ ഒരിക്കലെഴുതി. 1998ല്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ച് അക്കാലത്തെ മതസാമുദായിക ധ്രൂവീകരണമാണ്, എന്നാല്‍ 2004 ല്‍ ഇന്ത്യ തിളങ്ങുന്നു എന്ന വികസന മുദ്രാവാക്യത്തോടെ അവര്‍ ജനങ്ങളെ അഭിമുഖീകരിച്ചു, ജനങ്ങള്‍ കൈയ്യൊഴിഞ്ഞു. 2009 ല്‍ എല്‍ കെ അദ്ധ്വാനിയുടെ നേതൃത്വത്തില്‍ വീണ്ടും മതവും വര്‍ഗീയതയും വിഷയമാക്കിയെടുത്ത് വികസനവാദത്തെ നിഴലായി കൂടെ നിറുത്തി. ബി ജെ പി യെ ജനങ്ങള്‍ക്കപ്പോഴും ബോധിച്ചില്ല. മെച്ചപ്പെട്ട ഭരണത്തോടെ ഒന്നാം യു പി എ വീണ്ടും അധികാരത്തിലെത്തി. 2014 പൊതു തെരഞ്ഞെടുപ്പിനെ ബി ജെ പി വന്‍ മുന്നൊരുക്കത്തോടെയാണ് നേരിടുന്നത്. ഗുജറാത്ത് വികസന നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി, ഗുജറാത്ത് വംശീയ കലാപം അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബി ജെ പി യെ സഹായിച്ചു. നാസി ജര്‍മ്മനിയില്‍ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ നടപ്പാക്കിയ ഉന്മൂലന രാഷ്ട്രീയം ഗുജറാത്തിലും പിഴവില്ലാതെ ആരെല്ലാമോ നടപ്പാക്കി, ഒടുവില്‍ പ്രത്യേക അന്വേഷണസംഘം മോഡിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തു. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കൊന്നും ഗുജറാത്തില്‍ നടന്ന മനുഷ്യാവകാശലംഘനത്തിനും ഉന്മൂലനത്തിനും മറപിടിക്കാനാകില്ല. ദേശീയതലത്തിലും ആഗോളതലത്തിലും ഈ കടുത്ത മനുഷ്യാവകാശലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി ജെ പി യുടെ രാഷ്ട്രീയധാര്‍മ്മികതയെ വെല്ലുവിളിച്ചു, ഇപ്പോഴും. ഇമേജ് ബില്‍ഡിംഗ് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയായി കണക്കാക്കി രാജ്യം മുഴുവന്‍ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയക്കാരെയാണ് നമുക്ക് പരിചയം പൊതുജന സമ്പര്‍ക്ക പരിപാടികളിലൂടെ മാത്രം ജനങ്ങളെ കൈകാര്യ ചെയ്യുന്ന മോഡിയും രാഹുല്‍ഗാന്ധിയും ദേശീയ മാധ്യമങ്ങളിലെ ജനപക്ഷചോദ്യങ്ങള്‍ക്കുമുന്നില്‍ നിന്ന് വിയര്‍പ്പൊഴുക്കുന്നതും നമുക്ക് കാണേണ്ടിവന്നു. സാമൂദായികമായി ജനങ്ങളെ വേര്‍തിരിക്കുന്നതില്‍ ബി ജെ പി യും സഹായഹസ്തവുമായി നിലകൊള്ളുന്ന സംഘപരിവാര്‍ സംഘടനകളും ഏറെ മുന്നിലാണ് (മുഖ്യമായും ആര്‍ എസ് എസ്). ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പി നടത്തിയ ഇടപെടലുകള്‍ ചില ഉത്തരങ്ങളാണ് പൊതുസമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്. ഹിന്ദുത്വ സംരക്ഷകര്‍ എന്ന വാദത്തിലൂടെ ബ്രാഹ്മണവോട്ടുകളെ കേന്ദ്രീകരിക്കുന്നതിലും, പ്രാദേശിക ജാതി സംഘടനകളേയും വിശ്വാസകേന്ദ്രങ്ങളേയും ബി ജെ പി യും സംഘപരിവാറും ചേര്‍ന്ന് കൈക്കലാക്കിയിരിക്കുകയാണ്. കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വരും ദശകം ദലിതരുടേതെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചതിലെ ഉദ്ദ്യേശം ചിലര്‍ ചോദ്യം ചെയ്തിരിന്നു. ദലിതരെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണ-ക്ഷത്രിയ മേധാവിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രാഷ്ട്രീയ സംഘടന ഉദ്ദേശിക്കുന്നില്ല, പക്ഷേ അവര്‍ക്ക് ഉപയോഗപ്പെടുത്താം, തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍ ആശിഷ് ഖേദന്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ ലേഖനത്തില്‍ അതിന്റെ ആസൂത്രണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തെഹല്‍ക്കാ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലും വംശീയ കലാപം നടപ്പാക്കിയതിനെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്, ഗുജറാത്തിലെ ദലിതല്‍ എത്തരത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന് തെഹല്‍ക്കയുടെ കണ്ടെത്തലില്‍ വ്യക്തമാണ്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടScreenshot_4റി വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും മോഡിയുടെ പ്രസംഗം കേട്ട് പുളകം കൊണ്ടിരിന്നു, കേരളത്തിലെ വിശാല ഹിന്ദു ഐക്യത്തിന് വേണ്ടി മുഖ്യമായും പ്രവര്‍ത്തിക്കുന്നവര്‍ അവരാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ഒരു നായരും ഈഴവനും വെള്ളാപ്പള്ളിയുടേയോ സുകുമാരന്‍ നായരുടേയോ വാക്കുകേട്ട് പോളിങ് ബൂത്തില്‍ പോകില്ലെന്നാണ് യാഥാര്‍ത്ഥ്യം, പക്ഷേ ജാതീയമായി ധ്രുവീകരിക്കലും സെക്കുലര്‍ മാനസികാവസ്ഥയില്‍ നിന്നും അവരെ പുറകോട്ട് നയിക്കലുമാണ് ഇവിടെ നടക്കുന്നത്. കേരളത്തിലെ യുവ എം എല്‍ എ വി. ടി. ബല്‍റാം സാമൂദായിക നേതാക്കളോട് ചോദിച്ച ഒരു ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് വിശാല ഹിന്ദു ഐക്യത്തില്‍ സവര്‍ണ്ണ ബ്രാഹ്മണന്‍ നായാടി മാരുടെ സംസ്‌കാരത്തെ സ്വീകരിക്കുമോ അതോ നായാടിമാര്‍ ബ്രാഹ്മണ രീതികളെ സ്വീകരിക്കുമോ.? സാംസ്‌കാരികവും ജാതിപരവുമായ ഐക്യത്തിന് നായന്മാരും ഈഴവരും നേതൃത്വം കൊടുക്കുമ്പോള്‍ ആരെല്ലാം എന്തെല്ലാം സ്വീകരിക്കും എന്നത് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അധികാരം ജനങ്ങള്‍ നല്‍പ്പെടുന്നതാണെങ്കിലും ഒരു ഫാഷിസ്റ്റിക് ഭരണകൂടമാണ് ഇന്ത്യയില്‍ ഇനി അധികാരം കൈയ്യാളുന്നതെങ്കില്‍ ഈ വക ജാതിസംഘനകള്‍ക്കെല്ലാം അവരുടെ അനുബന്ധ സംഘടനകളായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നതും അവരെ പരീക്ഷിക്കുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ല.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ വളര്‍ച്ചയും നേട്ടവും ലക്ഷങ്ങളുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആം ആദ്മി എല്ലാറ്റിനുമുള്ള ഉത്തരമാണെന്ന് പറയാന്‍ ഇനിയും സമയമായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള എതിര്‍പ്പും, ഭരണവിരുദ്ധ വികാരങ്ങളും കേജ്രിവാളിനും കൂട്ടര്‍ക്കും ഗുണം ചെയ്തു. പക്ഷേ ഒരു മധ്യവര്‍ഗ യുവസമൂഹത്തെ സ്വാധീനിക്കാവുന്ന തലത്തിലേക്കേ ആം ആദ്മി വളര്‍ന്നിട്ടുള്ളൂ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ, അടിസ്ഥാന വര്‍ഗം ജനവിഭാഗളിലേക്ക് സഞ്ചരിക്കാനുള്ള അവരുടെ താത്പര്യത്തെ മാത്രം നോക്കിക്കണ്ട് വിലയിരുതത്താം. ഹസാരെയുടെ നിഴലില്‍ നിന്ന് ഒരു മിശിഹായായി സ്വയം അവരോധിക്കപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള അരവിന്ദ് കേജ്രിവാളിന്റെ രാജിയും ഒരു രാഷ്ട്രീയതന്ത്രമായി മാത്രമേ വിലയിരുത്താവൂ. ആം ആദ്മിക്ക് പ്രത്യയശാസ്ത്ര പിന്‍ബലമില്ല, നേതൃത്വ പാഠവമില്ല എന്നെല്ലാം ആരോപിക്കുന്നത് അവരവരുടെ പരാജയത്തെ ന്യായികരിക്കാനുള്ള കേവലവാദം മാത്രമാണ്. പ്രബല ഇടതുപക്ഷ പ്രസ്ഥാനമായ സി. പി. ഐ. എം. ഉണ്ടായിട്ടും ആം ആദ്മിയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത് സാധാരണജനത്തില്‍ നിന്നും സി പി ഐ എം അകന്നുപോയെന്നതിനുള്ള തെളിവാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ ഓരോന്നിലും ആയിരം വോട്ടില്‍ താഴെമാത്രം നേടിയ സി പി ഐ എമ്മിന്റെ സ്ഥാനം ജനമനസ്സുകളില്‍ എത്രമാത്രമെന്ന് നമുക്ക് മനസ്സിലാക്കാം.

മതങ്ങളുടെ സ്ഥാനം

ഹിന്ദു എന്നത് സംസ്‌കാരമായിരുന്നെന്നും മതമല്ലെന്നുമുള്ള വാദം ഇനി ഇന്ത്യയില്‍ എത്ര സദുദ്ദേശത്തോടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും ചെലവാകുമോ? വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രീതി, ശീലം അഥവാ മുഴുവന്‍ ഇന്ത്യക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ അവസ്ഥയില്‍ നിന്ന് വളരെ ചുരുങ്ങി വികലമാക്കപ്പെട്ട അവസ്ഥയിലേക്ക് ഹിന്ദുമതം പരിണമിച്ചു. ചരിത്രരേഖകളേയും വാദങ്ങളേയും ഉദ്ധരിച്ച് ഊറ്റംകൊള്ളുന്നത് നമുക്ക് അവസാനിപ്പിക്കാം, പകരം ഒരു മതമെന്ന അവസ്ഥയിലേക്ക് ഹിന്ദുത്വം മാറിയതും അതില്‍ കുറച്ച് വിഭാക്കാര്‍ ചൂഷകരായി നിലകൊണ്ടതും അവരുടെ മേധാവിത്വത്തിന്റെ ശക്തി വ്യവസ്ഥയുടെ എല്ലാ കോണുകളിലേക്കും ഒരുപോലെ പ്രവഹിച്ചിരുന്നു എന്നാണ് ശരി. വേദകാലത്ത് അകറ്റി നിറുത്തപ്പെട്ട ദലിത് വിഭാഗക്കാരെ ഉള്‍ക്കൊള്ളാന്‍ ഹിന്ദുമതത്തിന് കഴിയില്ലെന്ന് ഉറപ്പ്. നീചവും നികൃഷ്ടവുമായ അധിനിവേശത്തിലൂടെ ബുദ്ധമതത്തെ ചിന്നഭിന്നമാക്കി അഭയാര്‍ത്ഥികളാക്കി മാറ്റിനിര്‍ത്തിയതില്‍ ഹിന്ദു മതവിഭാഗക്കാരുടെ പങ്ക് ചെറുതല്ല. ആദ്യകാലത്ത് സവര്‍ണ്ണ ബ്രാഹ്മണരും ആത്മീയ നേതാക്കളും ഇതിന് നേതൃത്വം നല്‍കിയതെങ്കില്‍ ഇന്ന് സമാന ചിന്ത വളര്‍ത്തുന്ന രാഷ്ട്രീയ-സാമുദായിക സംഘടനകളാണ്, മാത്രമല്ല മതസ്ഥാപനങ്ങളും ആള്‍ദൈവങ്ങളും ഇതിന് കാരണക്കാരാകുന്നു. ആഗോളതലത്തില്‍ ഇസ്ലാം ഭീഷണി നേരിടുന്നുണ്ട് എന്ന വാസ്തവത്തെ തിരിച്ചറിയാം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അറബ്-യഹൂദ വൈരാഗ്യവും പില്‍ക്കാലത്തെ യഹൂദ മുന്നേററവും ഇതിനു പുറകിലെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നു, ഹിന്ദുത്വ ശക്തികള്‍ ഉണര്‍ത്തുന്ന ഫാസിസ്റ്റ് മുന്നേറ്റം ഇന്ത്യയില്‍ സംജാതമായാല്‍ അത് സാധാരണ മുസ്ലീംങ്ങളെ ബാധിച്ചേക്കാം, തീവ്രവാദപ്രസ്ഥാനങ്ങളുടെ കടന്നുവരവ് മുസ്ലീം സമുദായത്തിനകത്തും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് വാദിക്കപ്പെടുന്നത്, വഹാബ് വിഭാഗം ഇതില്‍ വിമര്‍ശിക്കപ്പെടുന്നു. മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം കേരത്തില്‍ പോലും മത സ്‌ട്രോങ് ഹോള്‍ഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു എന്ന വിവരം കേരളത്തിന്റെ പ്രബുദ്ധതയെ അട്ടിമറിക്കുന്ന തരത്തിലേക്ക് എത്തുന്നു. ക്രിസ്ത്യന്‍ തീവ്രവാദം നമ്മുടെ സമൂഹത്തില്‍ പ്രകടമല്ലെങ്കിലും മതപരിവര്‍ത്തനത്തിലൂടെ സെക്കുലറിസത്തെ തളര്‍ത്തി മതം നിശബ്ധ വളര്‍ച്ച നേടുന്നു എന്നാണ് വിമര്‍ശനം.

യഥാര്‍ത്ഥത്തില്‍ ഇതിനിടയിലൂടെ നമ്മള്‍ അകന്ന് പോകുന്നത് ഒരു സാമൂഹിക മാറ്റം അഥവാ സാമൂഹിക വിപ്ലവം എന്ന അവസ്ഥയില്‍ നിന്നാണ്. യാഥാസ്ഥിക ചിന്ത വേരൂന്നുമ്പോള്‍ അനിവാര്യമായ മാറ്റത്തെ നാം അവഗണിക്കുന്നു. യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും നൂറ്റാണ്ടുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക വിപ്ലവം (Social Revolution) ഈ രാജ്യത്തേക്ക് കുറേ നൂറ്റാണ്ടുകളിലേക്ക് കടന്നുവരില്ലെന്ന് പറയാം. വധശിക്ഷ നിരോധനം, മനുഷ്യാവകാശസംരക്ഷണം, തുല്യത, ലൈംഗിക സ്വാതന്ത്ര്യം, കല-ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന അവകാശലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ലോകം പെരുമ്പറ മുഴക്കുമ്പോള്‍ ഈയൊരു ജനതമാത്രം യാഥാസ്ഥിക ചിന്തകളിലും മതമൗലികവാദത്തിലും വികസന മുരടിപ്പിലും സ്വര്‍ഗം കണ്ടെത്തുന്നു.  ബുദ്ധന്റെ വാചകത്തെ ഉദ്ധരിച്ച് അവസാനിപ്പിക്കാം, ‘ധര്‍മ്മമാണ് രാജ്യം ഭരിക്കുന്നത്, അതിനുമേല്‍ ഒരു രാജാവോ ചക്രവര്‍ത്തിയോ ഇല്ല.’

2014 ഏപ്രില്‍ മാസത്തില്‍ മുബൈയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രവാസി ശബ്ദം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനും സുഹൃത്ത് സന്ദീപ് മാത്യുവിനും പ്രത്യേകം നന്ദി)

[eMail: muralimargassery@hotmail.com]

Leave a comment