ചലച്ചിത്രോത്സവം: ആളെക്കൂട്ടി ജനാധിപത്യം തെളിയിക്കലാണോ വിജയം…?

 

“അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. അടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളുടെമേല്‍ ഒരു ഹിതപരിശോധനയും.”

– മുരളി മാര്‍ഗശ്ശേരി

കേരളത്തില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണ്‍ നടത്തിയ പരാമര്‍ശത്തിലെ ഉള്ളടക്കത്തിലെ കുറച്ച് വാക്കുകളില്‍ തൂങ്ങി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് നാം താഴ്ന്നു പോകരുത്. ഫാസിസം എന്ന് വരെ വിശേഷിപ്പിക്കപ്പിച്ച് കാര്യങ്ങളെ ഗുലുമാലാക്കുന്നത് ചിലരുമുണ്ട്. ഡോ. ബിജു, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രതികരണങ്ങള്‍ മുഖവിലക്കെടുക്കുമ്പോഴും നമ്മള്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട് ആളെക്കൂട്ടി ജനാധിപത്യം പ്രസംഗിച്ച് ചലച്ചിത്രമേളകള്‍ സംഘടിപ്പിച്ച് ഇക്കാലം കൊണ്ട് നമ്മളെന്തുനേടി.? അടൂരിന്റെ പ്രസ്താവനയിലെ ഇംഗ്ലീഷ് അറിയാവുന്നവര്‍ വന്നാല്‍ മതി എന്ന ഭാഗത്തെ മാത്രം സ്വീകരിച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ മലയാളിയേയും മാധ്യമപ്രവര്‍ത്തകരാക്കുന്ന സംരംഭങ്ങള്‍ ആരംഭിച്ചത് മുതലാണോ… നമ്മള്‍ മാധ്യമപ്രവര്‍ത്തകരെപ്പോലെ നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സ്വീകരിച്ച് അതിനെക്കുറിച്ച് സംസാരിച്ചാല്‍ മതി എന്ന് വെച്ചത്..?

സിനിമ മിക്കപ്പോഴും ദൃശ്യങ്ങള്‍കൊണ്ടും സാങ്കേതികത്വം കൊണ്ടും സംസാരിക്കുന്ന ആധുനിക-ജനപ്രിയ കലയാണ് എന്ന് നമുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും – സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും തങ്ങളുടെ സിനിമകളില്‍ ആലങ്കാരികമാണെന്ന് തെളിയിച്ച് സംവിധായകരുണ്ട്. കിംകി ഡൂക്, കപ്പളനോങ്‌ളു, നൂറി ബില്‍ജി സെയ്‌ലാന്‍ തുടങ്ങി ഒട്ടനവധി പേര്‍. സിനിമയെ എല്ലാവരും അതുപോലെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ സാധ്യമല്ലല്ലോ. ബെലാ താര്‍, തര്‍ക്കോവസ്കി, കുറോസോവ, ഹിറ്റച്‌കോക്ക്, ആന്ദ്രേ സ്യാഗ്നിസ്‌റ്റേവ്, ഫാസ്ബിന്ദര്‍, ഹെസ്‌ഹോഗ്, വിറ്റോറിയോ ഡി സിക്ക, ഋതു പര്‍ണഘോഷ്, ഐസന്‍സ്‌റ്റൈന്‍, ചാപ്ലിന്‍ ഇവരെല്ലാം വിവിധ സാധ്യതകളെ മുന്‍നിറുത്തി ആശയം മറ്റുള്ളവരിലേക്കെത്തിക്കാന്‍ എക്കാലത്തും ശ്രമിച്ചവരും വിജയിച്ചവരുമാണ്‌. ഒരു മനുഷ്യജീവിതത്തിന്റെ സാമൂഹിക വൈകാരികാവസ്ഥകള്‍ ചിത്രീകരിക്കാന്‍ ദൃശ്യത്തോടൊപ്പം സംഭാഷണവും സ്വാഭാവിക-കൃത്രിമ ശബ്ദവും ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സംവിധായകര്‍ അത് സ്വീകരിക്കുക പതിവാണല്ലോ. ഉദാഹരണത്തിന് മികച്ച് നിശബ്ദ സിനിമകളും നിര്‍മ്മിച്ച ചാപ്ലിന്‍ ‘ദ ഗ്രേറ്റ് ഡിക്ടറ്റേറ്റര്‍’  എന്ന സിനിമ സംഭാഷണത്തോടെയല്ലേ നിര്‍മ്മിച്ചത്, ലോകം രാഷ്ട്രീയമായും ആശയപരമായും രണ്ട് ധ്രുവങ്ങളില്‍ നിന്ന് കൊമ്പ്കോര്‍ക്കുന്ന കാലഘട്ടത്തില്‍ ചാപ്ലിന് തന്‍റെ ആശയം മുന്നോട്ട് വെയ്ക്കാന്‍ ശബ്ദം കൂടി ഉപയോഗിക്കാന്‍ തോന്നിയിരിക്കണം – പ്രസ്തുത സിനിമയുടെ അവസാനഘട്ടത്തില്‍ ചാപ്ലിന്റെ കഥാപാത്രം കാണികളോടും ലോകത്തോടും സംസാരിക്കുന്ന വിഷയങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഒട്ടും മനസ്സിലാകാത്ത ഒരാള്‍ക്കും ദഹിക്കണമെന്നില്ല. ആ  സിനിമയുടെ ആത്മാവും നമ്മളിലേക്കെത്തുമെന്നും പ്രതീക്ഷിക്കാനാകില്ല. ഹിറ്റ്ച്കോക്ക് സിനിമ ഭാഷ മനസിലാക്കാതെ നമ്മള്‍ കണ്ടാല്‍ എങ്ങനെയിരിക്കും. ഒട്ടനവധി സംഭാഷണങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്ന സംവിധായകരാണ് ഋതു പര്‍ണഘോഷ്, ഗിരീഷ് കസറവള്ളി – അങ്ങനെ നോക്കിയാല്‍ ഈ രാജ്യത്ത് തന്നെ നിര്‍മ്മിക്കുന്ന പല സിനിമകളും സബ്ടൈറ്റില്‍ വായിക്കാതെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാറില്ല – ശെല്‍വരാഘവന്റെ ‘ആയിരത്തിലൊരുവന്‍’ സംഭാഷണം മനസിലാകാന്‍ ചോളസാമ്രാജ്യ കാലഘട്ടത്തിലെ തമിഴ് പഠിക്കാന്‍ നമ്മളാരും പോകില്ല – ഇവിടെയെല്ലാം യൂണിവേഴ്‌സല്‍ ഭാഷയുടെ പ്രസക്തി ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അടൂര്‍ ലോകസിനിമയെക്കുറിച്ചും സിനിമാ സംസ്‌കാരങ്ങളെക്കുറിച്ചും ആസ്വാദന സംസ്‌കാരങ്ങളെക്കുറിച്ചും മനസിലാക്കാത്ത ആളല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ. അപ്പോള്‍ അദ്ദേഹം പറയുന്ന വിഷയത്തേയും ആ വീക്ഷണകോണില്‍ നിന്ന് കാണാന്‍ നാം ശ്രമിക്കണം – അത് കേവലം ഭാഷാ നൈപുണ്യത്തെക്കുറിച്ചല്ല – മാത്രമല്ല അദ്ദേഹത്തിന്‍റെ വാക്കുകളത്രയും വളച്ചൊടിക്കപ്പെട്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇത്രയും കാലംകൊണ്ട്  സാംസ്കാരിക കേരളം നെഞ്ചേറ്റിക്കൊണ്ട് നടന്ന ചലച്ചിത്രോത്സവം നല്ല ആസ്വാദന സംസ്‌കാരം ഉണ്ടാക്കി തന്നിട്ടില്ല എന്നുറപ്പല്ലേ? ഇല്ലെങ്കില്‍ തിയേറ്ററിനകത്ത് സിനിമകാണാന്‍ കയറിയാല്‍ ഒച്ചപ്പാടും കൂവലും കേട്ട് സിനിമകണ്ടിറങ്ങേണ്ട ഗതികേട് മേളയ്ക്ക് വരുന്ന വലിയൊരുവിഭാഗം സിനിമപ്രേമിക്കും അഭിമുഖീകരിക്കേണ്ടി വരില്ലല്ലോ. കഴിഞ്ഞ ഒരു ദശാബ്ദമായി മേളയില്‍ വരുന്ന ഒരു സിനിമാ പ്രേക്ഷകന്‍ വളരെ വിഷമത്തോടെ കഴിഞ്ഞ ചലച്ചിത്രമേളയില്‍ നിന്നും സിനിമകാണാന്‍ കഴിയാതെ ഇറങ്ങിപ്പോന്ന അവസ്ഥ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. 2010 ല്‍ ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’ എന്ന ചിത്രം കാണാനായി തിക്കും തിരക്കും കൂട്ടി, തിയേറ്ററിന്‍റെ വാതിലുകളും ചില്ലുകളും തച്ചുടച്ചപ്പോഴും സിനിമ കാണാന്‍ വഴിയില്‍ കാത്തിരുന്ന മറ്റ് പ്രേക്ഷകരേയോ ജനാധിപത്യമൂല്യങ്ങളെക്കുറിച്ചോ വേവലാതിപ്പെട്ട എത്രപേരുണ്ടായിരുന്നു.?

സിനിമ മനസിലാകാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത പക്ഷം മറ്റുള്ളവരെ ശല്യം ചെയ്യാതെ എഴുന്നേറ്റ് പോകണമെന്ന് മാനസികാവസ്ഥ കാണിക്കാന്‍ തയ്യാറല്ലാത്ത ഒരു ന്യുനപക്ഷം മേളയെ ഭരിക്കുന്നു. കയ്യിലൊരു സ്മാര്‍ട്‌ഫോണും വെച്ച് – സംസാരിച്ചിരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്യുന്ന ആസ്വാദന സ്വഭാവം ശീലമാക്കിയെടുത്തവരാണിവര്‍. പിന്നെ ഈ പറയുന്ന സിനിമാ പ്രണയമൊന്നും വര്‍ഷത്തിലെ ഏഴു ദിവസത്തിനപ്പുറം കാണാറില്ല – ചലച്ചിത്രോത്സവത്തില്‍ കിംകി ഡുക്, അതു കഴിഞ്ഞാല്‍ ശരാശരി മോഹന്‍ലാല്‍ അഥവാ മമ്മുട്ടി സിനിമകള്‍ ഇത്രയുമായി കാര്യങ്ങള്‍ മാറുകയാണെങ്കില്‍ എന്തിനാണ് ആളെക്കൂട്ടി ചലച്ചിത്രോത്സവം നടത്തുന്നത്. ‘ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍’ ഒരു മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു – കേരളത്തില്‍ അത്തരത്തില്‍ എത്ര സിനിമകള്‍ സംഭവിക്കുന്നു..? ദളിത് കാഴ്ചപ്പാടില്‍ ചര്‍ച്ചചെയ്ത സിനിമ സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചപ്പോള്‍ അത് കാണണമെന്ന് ആരും വാശിപിടിച്ചില്ല. ‘സ്വപാനം’ എന്ന സിനിമ മൂന്ന് ദിവസം പോലും കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. അതെന്തായാലും സംവിധായകനോ മറ്റണിയറ പ്രവര്‍ത്തകര്‍ക്കോ താത്പര്യമില്ലാത്തത് കൊണ്ടായിരുന്നില്ല. റിലീസിംഗ് ദിവസം സിനിമ കണ്ട ഒരു തിയേറ്ററില്‍ മുപ്പത് പേരുപോലുമുണ്ടായിരുന്നില്ല. അതിലെ പകുതി കാണികള്‍ ഇടവേളയ്ക്ക് ശേഷം അവിടെയിരുന്നില്ല. നമ്മുടെ സിനിമാ ആസ്വാദന സംസ്‌കാരത്തോട് വളരെ ബഹുമാനം തോന്നുന്ന ചില ഉദാഹരണങ്ങളാണിവ. പിന്നെ സിനിമ കാണിക്കാനല്ല ഫിലിംഫെസ്റ്റിവെല്‍ – അങ്ങനെയൊരുദ്ദേശമാണ് വേണ്ടതെങ്കില്‍ ഫെസ്റ്റിവെല്‍ നിര്‍ത്തി യൂടൂബും ടോറന്റും സമഗ്രമാക്കിയാല്‍ മതി. അതിനിടെ കുറച്ച് പേര്‍ കേരളത്തിലെ സിനിമാസ്വാദന മികവിനെ ഉയര്‍ത്തിപ്പിടിച്ച്‌ അവതാര്‍, ടൈറ്റാനിക് സിനിമയുടെ വിജയം ചര്‍ച്ച ചെയ്തു. ‘അവതാര്‍’ മുന്നോട്ട് വെക്കുന്ന ആശയം യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രേക്ഷകരില് തന്നെ പലരും സ്വീകരിച്ചിട്ടില്ലെന്നതും ഒരു ആനിമല്‍ പ്ലാനറ്റ് ഇന്‍ഫോടെയിന്മെന്റ്‌പ്രോഗ്രാം പോലെ നമ്മളത് കണ്ട് ഒഴിവാക്കിയെന്നതും തിരിച്ചറിയണം. ‘ടൈറ്റാനികും ജുറാസിക് പാര്‍ക്കും, ടെര്‍മിനേറ്ററും’ വ്യത്യസ്തത പുലര്‍ത്തി – നന്നായി മാര്‍ക്കറ്റ് ചെയ്ത് നമ്മളില്‍ നിന്ന് പണം അപഹരിച്ചു എന്നല്ലാതെ ഒരു ചുക്കും നമുക്ക് തന്നിട്ടില്ല. മാത്രമല്ല ആ സിനിമ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അപകട സാധ്യതപോലും നാം മനസ്സിലാക്കിയില്ല. സിനിമയും അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങള്‍ പ്രേക്ഷകസമൂഹം ചര്‍ച്ചചെയ്യുമ്പോഴും – ആ സിനിമകളില്‍ ദൃശ്യവത്കരിച്ച സംസ്‌കാരം മനസ്സിലാകുമ്പോഴും – വേറിട്ട സിനിമാ പരിശ്രമങ്ങള്‍ക്ക് നമ്മുടെ സമാന്തര സിനിമാ മേഖലയും സനിമാ-വ്യവസായ മേഖലയും സാക്ഷ്യം വഹിക്കുമ്പോഴും – സ്റ്റാര്‍ പദവികളിലും സ്റ്റാര്‍ അഭാവത്തിലും പെട്ട് നമ്മുടെ നല്ല സിനിമകള്‍ എങ്ങുമെത്താതിരിക്കുന്ന അവസ്ഥ ഇല്ലാതാകുമ്പോഴും ഈ ചലച്ചിത്രോത്സവങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നു – അല്ലാത്തപക്ഷം അത് സമ്പൂര്‍ണ്ണ പരാജയം തന്നെയാണ്. അടൂരിനേയും ചലച്ചിത്രോത്സവ സംഘാടക സമിതി രൂപകല്‍പ്പനയേയും വിമര്‍ശിച്ചോളൂ, ജനാധിപത്യപരമായി അതെല്ലാം നല്ല മാറ്റങ്ങള്‍ക്ക് വഴിതുറക്കും. അതിനെല്ലാം മുമ്പ് ഒരു സ്വയംവിമര്‍ശനം എന്തുകൊണ്ടും നല്ലതാണ്. ഒരടിസ്ഥാനവുമില്ലാത്ത അവകാശവാദങ്ങളിലൂടെ ഒരു ഹിതപരിശോധനയും.

[eMailID: muralimargassery@hotmail.com]

7 thoughts on “ചലച്ചിത്രോത്സവം: ആളെക്കൂട്ടി ജനാധിപത്യം തെളിയിക്കലാണോ വിജയം…?

  1. Balanced view on the issue. Sunny Joseph

  2. Comment from VG Baburaj 🙂

    Thanks Babuvetta – You’ve added the the comment with a real-time experience and the analysis was really perfect:-

    ബാംഗ്ലൂരിൽ നിന്നും എല്ലാ വർഷവും IFFK ക്ക് വരുന്ന ഒരു സുഹൃത്ത് (മലയാളിയല്ല) പറയാറുണ്ട് ഇത്രയും നല്ല, ജനകീയ പങ്കാളിത്തമുള്ള, ഉയർന്ന നിലവാരമുള്ള സിനിമകൾ കാണിക്കുന്ന ഫെസ്റ്റിവൽ ഇന്ത്യയിൽ വേറെയില്ല എന്ന്. കണ്ണൂരിൽ നിന്നും കാസറഗോഡിൽനിന്നുമൊക്കെ പല ജോലികളിൽ നിന്നും ലീവെടുത്തും ഒഴിവുണ്ടാക്കിയും വരുന്ന ആളുകളെക്കുറിച്ച് (ബേക്കറിപ്പണിക്കാരും ഓട്ടോക്കാരുമൊക്കെ കാണും ഇതിൽ), ഇത് മറ്റെവിടെയും കാണാനാകാത്ത ഒന്നെന്നാണെന്ന് ആവേശത്തോടെ അയാൾ പറയാറുണ്ട്. അത് മിക്കവാറും ശരി തന്നെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്രയും പേർ ആവേശത്തോടെ, ഒരനുഷ്ഠ-നമെന്നപോലെ ഒത്തുകൂടുന്നതും ഫെസ്റ്റിവൽ ഒരു cultural dynamics-ന്റെ കേന്ദ്രമാവുകയും ചെയ്യുന്ന അവസ്ഥ. ഒരുപക്ഷെ ഇത് തന്നെയാണ് ലോകത്തിലെ തന്നെ പല ഫെസ്റ്റിവലുകളിൽ നിന്നും IFFK-യെ വ്യത്യസ്തമാക്കിയിരുന്നതും.

    എന്നാൽ, പോകെപ്പോകെ ഈയവസ്ഥക്കും കുറെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതും നമ്മൾ കാണാതിരിക്കരുത്. ഏതാണ്ട് എട്ടു പത്ത് കൊല്ലം മുമ്പാണെന്നു തോന്നുന്നു Kryzstoff Zanussi വളരെ സങ്കടത്തോടെ ഇനി കേരളത്തിലേക്ക് വരുന്നില്ലെന്ന് പറഞ്ഞത്. ഇത്രയും നാൾ കേരളത്തിൽ പതിവായി വന്നുകൊണ്ടിരുന്നത് മറ്റെവിടെയും ഇല്ലാത്ത തരത്തിലുള്ള ഇവിടുത്തെ ജനകീയ പങ്കാളിത്തം മൂലമാണെന്നും, അത് സിനിമയിലുള്ള തന്റെ വിശ്വാസത്തെ കുറേക്കുടി ഉറപ്പിക്കുന്നതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ കാണികളുടെ rudeness-ഉം arrogance-ഉം കാണുമ്പോൾ ആ വിശ്വാസവും ഇല്ലാതായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ ഓർമ്മയിൽ മൊബൈൽ ഫോണ്‍ സംസാരങ്ങൾകൊണ്ടും കൊണ്ടും ring tone-കളുടെ ബഹളങ്ങൾ കൊണ്ടും സിനിമ കാണാൻ പറ്റാതെ സഹികെട്ടുപോയ വർഷമായിരുന്നു അത്. കൂട്ടായ കാഴ്ചയുടെ സിനിമാസാധ്യതകളെ അപ്പാടെ പരാജയപ്പെടുത്തുന്നതായിരുന്നു ആ അനുഭവം. പിന്നെ കുറെ വർഷങ്ങൾ IFFK-ക്ക് വരേണ്ടെന്നു വെച്ച് സ്വകാര്യ DVD കാഴ്ചകളിലേക്ക് ഒതുങ്ങി ഞാൻ.

    2010 -ലാണെന്നു തോന്നുന്നു ഒരു സുഹൃത്തിന്റെ അനുഭവം എന്നോട് പറഞ്ഞത്. Werner Herzog -മായുള്ള V C Harris -ന്റെ സംഭാഷണം കൈരളിയിൽ നടക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ കുറച്ചുപേർ “മതിയെടാ… ഇറങ്ങിപ്പോടാ അവിടുന്ന്” എന്ന് പറഞ്ഞ ബഹളമുണ്ടാക്കാനും വാതിലിൽ തട്ടാനും തുടങ്ങി. കൈരളിയിലെ അടുത്ത ഷോ കാണാൻ എത്തിയവരായിരുന്നു അവർ. ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് ഒക്കെ ആണെങ്കിലും Herzog ആരാണെന്ന് അറിയാത്തത് അവരുടെ കുഴപ്പമാണോ? ചില traffic പ്രശ്നങ്ങൾ കാരണം Herzog -ന്റെ പരിപാടി തുടങ്ങാൻ കുറച്ചു വൈകിയത്രെ. കേരളത്തിലൊഴികെ ലോകത്തിൽ വേറെയെവിടെയെങ്കിലും ഫെസ്റ്റിവൽ കാണികളിൽ നിന്നും ഇങ്ങിനെ ഒരനുഭവം Herzog-ന് ഉണ്ടാകാൻ സാധ്യതയുണ്ടോ?

    കഴിഞ്ഞ വർഷം ഒരു സുഹൃത്ത് IFFK-ൽ വച്ച് കാണാമെന്ന് പറഞ്ഞത്കൊണ്ടുമാത്രം വലിയൊരു ഇടവേളക്കുശേഷം തിരുവനന്തപുരത്തേക്ക് വണ്ടി കേറി. കാണികളുടെ rudeness-ന് കുറച്ചു മയം വന്നുകാണുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷയിലൊന്നും വലിയ കാര്യമില്ലെന്ന് വേഗം തന്നെ മനസ്സിലായി. Students എന്ന് തോന്നിക്കുന്ന അഞ്ചും പത്തും പേരുടെ സംഘങ്ങളാണ് ഇപ്പോൾ കലാപരിപാടി മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമക്കിടയിൽ ഇവർ വലിയ ചർചകളിലാണ്. ഷോട്ടുകൾ, ആംഗിളുകൾ തുടങ്ങിയ വലിയ സാങ്കേതിക പ്രശ്നങ്ങളാണ് സിനിമ കാണുന്നതിനിടെയുള്ള live ചർച്ചയിൽ! ഇവരുടെ ചർചകളുടെയും സംഭാഷണങ്ങളുടെയും അലകും പിടിയും ചേർത്ത് നോക്കുമ്പോൾ ഒരു കാര്യം പിടി കിട്ടി, കേരളത്തിലെ പുതിയ ‘സംഭവ’മായ മീഡിയ സ്കൂളുകളിലെ students ആണ് കൂട്ടർ. സിനിമക്കിടെ ചിലപ്പോൾ മൊബൈലിൽ വിളിച്ച് അവരുടെ കൂട്ടുകാരോട് അന്വേഷിക്കും: ‘എടാ… ഇവിടെ വെല്ല്യ ഗുണല്യ… എങ്ങനീണ്ട് അവിടെ?’ അതല്ലാത്തപ്പോൾ ‘നല്ല ഭംഗിയുള്ള’ ‘ഷോട്ടുകൾ’ വരുമ്പോൾ കയ്യടിച്ചും വിസിലടിച്ചും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കുറ്റം പറയരുതല്ലോ?!!

    കഴിഞ്ഞ വർഷത്തെ IFFK-യിലെ ഒരു surprising discovery എന്ന് പറയാവുന്നത് Semih Kaplanoglu-ഉം അദ്ദേഹത്തിന്റെ Yosuf Trilogy-യും ആയിരുന്നു.ടർക്കിയിൽ നിന്നുമുള്ള ഈ സംവിധായകനെക്കുറിച്ച് നേരത്തെ എവിടെയും കേട്ടിട്ടില്ല. Slow paced -ഉം ധ്യാനപൂർണ്ണവുമായ Kaplanoglu-വിന്റെ സിനിമകളിലൊന്നിൽ മുഴുകിയിരിക്കെ പിന്നിൽ നിന്നും നേരത്തെ പറഞ്ഞ സംഘങ്ങളിലൊന്നിന്റെ മുറുമുറുപ്പുകളും കമന്റുകളും ഉറക്കെയായി: “ഇവനെയൊക്കെ ആരാണ്ടാ ഷോട്ടെടുക്കാൻ പഠിപ്പിച്ചേ??!!!” നേരത്തെ എന്റെയൊരു സുഹൃത്തിനും സമാനമായ അനുഭവമുണ്ടായി Sokurov-ന്റെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ: “ഇവനെയൊക്കെ നമ്മള് ക്യാമറ വെക്കാൻ പഠിപ്പിക്കണ്ടി വരും….!!” ശരിയാണ്, കേരളത്തിൽ കൂണുകൾ പോലെ മുളച്ചുപൊന്തിയ ഊച്ചാളി മീഡിയ സ്കൂളുകളിലെ പിള്ളേര് തന്നെ വേണം Kaplanoglu-വിനെയും Sokurov-നെയും വേണ്ടിവന്നാൽ Herzog-നെയും ‘ഷോട്ട്’ പഠിപ്പിക്കാൻ!!!

    ഇത്രയും പറഞ്ഞത്, ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലായ IFFK-യെ നമ്മൾ തന്നെ ഇങ്ങനെ ഒടുക്കിക്കളയരുത് എന്ന് സൂചിപ്പിക്കാനാണ്. എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ ഏറ്റവും നല്ല content ഉള്ള ഫെസ്റ്റിവലാണ് IFFK. Veterans-ന്റെയും masters-ന്റെയും വർക്കുകൾക്കു പുറമേ Apichatpong Weerasethakul, Tsai Ming Liang, Semih Kaplanoglu, Nuri Bilge Ceylan, Kim ki Duk, Carlos Reygadas തുടങ്ങി ഒരുപാട് പുതിയ filmmakers-നെ ഇന്ത്യയിൽ ആദ്യമായി പരിചയപ്പെടുത്തിയത് IFFK ആണ്. എന്നിട്ടും സിനിമ ശരിയായി ആസ്വദിക്കണമെങ്കിൽ ഗോവയിലേക്ക് പോകണമെന്ന അവസ്ഥയാണിപ്പോൾ. ഈയവസ്ഥക്ക് ഉത്തരവാദികൾ ചലച്ചിത്ര അക്കാദമിയോ, മേളയുടെ നടത്തിപ്പുകാരോ, മാറിമാറി വരുന്ന സർക്കാരുകളോ ഒന്നുമല്ല. നമ്മളാണ്. നമ്മൾ കാണികൾ മാത്രമാണ്. സഹിഷ്ണുതയോടെയുള്ള കാഴ്ചയിലേക്ക് നമ്മൾ വളരേണ്ടിയിരിക്കുന്നു.

    ഒരു ഫിലിം ഫെസ്റ്റിവലിനെ രൂപപ്പെടുത്തിയെടുക്കുന്നതിലും വളർത്തിയെടുക്കുന്നതിലും കാണികൾക്കും വലിയൊരു പങ്കുണ്ട്. മനുഷ്യത്വപരമായ സഹാനുഭൂതിയോടെയും concern-ഓടെയും നമുക്ക് അപ്പുറത്തിരിക്കുന്ന കാണിയോട് പെരുമാറാൻ കഴിയില്ലെങ്കിൽ, സമാധാനമായി സിനിമ കാണുവാനുള്ള അയാളുടെ അവകാശത്തെ respect ചെയ്യാൻ കഴിയില്ലെങ്കിൽ, കലയും സിനിമയും മേളയും എല്ലാം പരാജയപ്പെട്ടുപോകുന്ന ഒരവസ്ഥയാണ്. നമ്മുടെ പരാജയങ്ങളുടെ ഒരു ഫെസ്റ്റിവലായി, ഒരു നോക്കുകുത്തിയായി അത് അങ്ങിനെ നടക്കും, വെറുതെ പൊങ്ങച്ചം പറഞ്ഞ് നടക്കാൻ മാത്രമായിട്ടുള്ള ഒരു ‘ശീലത്തിന്റെ’ പേരിൽ!

    ഇനി അടൂർ വിഷയത്തിലേക്ക്. അടൂർ കമ്മിറ്റിയുടെ പരിഷ്കരണങ്ങൾക്ക് ചില പാളിച്ചകൾ പറ്റിയിട്ടുണ്ട്. ഏറ്റവും ഗൗരവമായ പാളിച്ച ഇംഗ്ലീഷ് അറിയുന്നവർ മാത്രം, പതിവുകാർ മാത്രം ഫെസ്റ്റിവലിൽ പങ്കെടുത്താൽ മതി എന്നതാണ്. ഇത് അങ്ങേയറ്റം പിന്തിരിപ്പനും അപകടം പിടിച്ചതുമാണ്. 2. വിദ്യാർത്ഥികളുടെ സൗജന്യ നിരക്ക് ഇല്ലാതാക്കിയത്. വിദ്യാർത്ഥികളെ ഒഴിവാക്കി ഫിലിം ഫെസ്റ്റിവലിന് മുന്നോട്ടുപോകാനാവില്ല. വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും തരാൻ കഴിയുന്ന പുത്തൻ ഊർജ്ജത്തിന്റെ നൈരന്തര്യം കൊണ്ടുമാത്രമാണ് എല്ലാ കലാ പ്രസ്ഥാനങ്ങൾക്കും മുന്നോട്ട് പോവാൻ കഴിഞ്ഞിട്ടുള്ളത്.ഒപ്പം ടെലിവിഷൻ ചാനലുകളിലേക്കും വാണിജ്യ സിനിമകളുടെ പളപളപ്പിലേക്കും കണ്ണും നട്ടിരിക്കുന്ന careerist-കളായ media students അല്ല യഥാർത്ഥ വിദ്യാർത്ഥികൾ എന്നും നമ്മൾ തിരിച്ചറിയണം. 3. Fipresci / Netpac അവാർഡുകൾ നിർത്തലാക്കാനുള്ള നീക്കം. 4. മലയാള സിനിമകളുടെ റ്റൈറ്റിൽസ് മലയാളത്തിൽ തന്നെ വേണമെന്ന തികച്ചും ബാലിശമായ വാശി. ഈ പാളിച്ചകൾ പരിഹരിച്ചാൽ, അടൂർ കമ്മിറ്റി വളരെ വലിയതും ഗുണപരമായതുമായ നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്. അതുകൊണ്ട് കമ്മിറ്റിയുടെ പാളിച്ചകൾ പരിഹരിക്കാൻ നമുക്ക് ഒരുമിച്ച് സമരം ചെയ്യാം, കാണികളായ നമ്മുടെ പാളിച്ചകൾ നമ്മൾ സ്വയം പരിഹരിക്കുന്നതിനൊപ്പം! https://www.facebook.com/baburaj.vg/posts/778392732228196

  3. മനുഷ്യരാണ് തിയേറ്ററുകളിൽ കാഴ്ചക്കാരായി എത്തേണ്ടത്;അല്ലാതെ അടൂരിനെപ്പോലെയുള്ള ഇംഗ്ലീഷ് അറിയാവുന്ന കുറെ സിനിമാ മനുഷ്യരല്ല.സിനിമാ കൊട്ടകകൾ ഫിലിം ഇന്സ്ടിടുട്ടുകൾ ആക്കി മാറ്റാൻ ശ്രമിക്കുന്നത് പൊതുമുതൽ സ്വന്തമായി വെച്ച് അനുഭവിക്കാനുള്ള വരേണ്യ വർഗത്തിന്റെ ആർത്തിയിൽ നിന്നും ഉടലെടുക്കുന്ന കപടചിന്തകളും.പഴയ കോളോണിയൽ മാടമ്പി ജീർണതകളുടെ വികൃതരൂപം ഈ പുതിയ കാലത്തും ജനകീയവേദികളിൽ കാണേണ്ടിവരുകയെന്നത് മലയാളികളായ നമ്മുടെയൊക്കെ ദുര്യോഗവും !

    • ലേഖനം വായിച്ചതിനും താങ്കളുടെ പ്രതികരണത്തിനും നന്ദി. അടൂര്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അടൂര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.:)

Leave a reply to S.N Roy Cancel reply